'പ്ലാനിൽ ഒരു മാറ്റവുമില്ല, 13 വര്‍ഷമായി തുടരുന്നു, ഇതാണ് എന്റെ റോള്‍'- മിച്ചല്‍ സ്റ്റാര്‍ക്ക്

മത്സരത്തില്‍ നാല് നിര്‍ണായക താരങ്ങളെയടക്കം പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടാണ് സ്റ്റാര്‍ക്ക് കൊയ്തത്
ഇന്ത്യക്കെതിരെ ബൗളിങിനിടെ സ്റ്റാർക്ക്/ പിടിഐർക്ക്/ പിടിഐ
ഇന്ത്യക്കെതിരെ ബൗളിങിനിടെ സ്റ്റാർക്ക്/ പിടിഐർക്ക്/ പിടിഐ

വിശാഖപട്ടണം: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നാണംകെട്ട പരാജയമേറ്റു വാങ്ങിയപ്പോള്‍ ആ ദയനീയതയിലേക്ക് ബാറ്റിങ് നിരയെ തള്ളിയിട്ടത് മിച്ചല്‍ സ്റ്റാര്‍ക്കെന്ന ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ പേസറായിരുന്നു. താരത്തിന്റെ പന്തുകളുടെ ഗതി നിര്‍ണയിക്കാന്‍ കിട്ടാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുഴങ്ങി നിന്നപ്പോള്‍ ചീട്ടുകൊട്ടാരം കണക്കെയായിരുന്നു ബാറ്റിങ് നിരയുടെ തകര്‍ച്ച. 

കഴിഞ്ഞ 13 വര്‍ഷമായി പവര്‍പ്ലേയില്‍ പന്തെറിയുമ്പോഴുള്ള തന്ത്രം ഒരു മാറ്റവുമില്ലാതെയാണ് തുടരുന്നതെന്ന് വ്യക്തമാക്കിയിക്കുകയാണ് സ്റ്റാര്‍ക്ക്. മത്സരത്തില്‍ നാല് നിര്‍ണായക താരങ്ങളെയടക്കം പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടാണ് സ്റ്റാര്‍ക്ക് കൊയ്തത്. മത്സരത്തില്‍ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന്റെ അനായാസ വിജയം പിടിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു. കളിയിലെ താരമായതും സ്റ്റാര്‍ക്ക് തന്നെ. 

'13 വര്‍ഷമായി എന്റെ പ്ലാനില്‍ ഒരു മാറ്റവും ഞാന്‍ വരുത്തിയിട്ടില്ല. പവര്‍പ്ലേയില്‍ പന്തെറിയുമ്പോള്‍ ഫുള്‍ ലെങ്തില്‍ എറിയുക, സ്റ്റംപ് പിഴുതെടുക്കുക, പരമാവധി സ്വിങ് ചെയ്യിക്കുക എന്നിവയാണ് ഈ ഘട്ടങ്ങളില്‍ പന്തെറിയുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുള്ളത്. അത് നിരന്തരം ചെയ്യുന്നു. പവര്‍പ്ലേയില്‍ വളരെ വേഗത്തില്‍ വിക്കറ്റെടുക്കുക എന്നതാണ് ലക്ഷ്യം. ഇതൊക്കെയാണ് കഴിഞ്ഞ കുറേക്കാലമായി എന്റെ റോള്‍.' 

'ചില സമയത്ത് എനിക്ക് ധാരാളം തല്ല് കിട്ടാറുണ്ട്. എന്നാല്‍ എല്ലാ തരത്തിലും ബാറ്ററെ പുറത്താക്കാനുള്ള വഴികളാണ് ഞാന്‍ ആലോചിക്കാറുള്ളത്. കഴിഞ്ഞ രണ്ട് കളികളിലും കണ്ടത് പുതിയ പദ്ധതിയല്ലെന്ന് ചുരുക്കം.' 

'ഇന്ത്യയെ പോലെ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കെതിരെ പന്തെറിയുമ്പോള്‍ പവര്‍പ്ലേയില്‍ പരമാവധി വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് തന്ത്രം. അപ്പോള്‍ കളി നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. അതാണ് രണ്ടാം ഏകദിനത്തില്‍ ഞങ്ങള്‍ ചെയ്തത്.' 

'ചെന്നൈയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിന് ശേഷം ലോകകപ്പിനുള്ള ഒരുക്കങ്ങളിലേക്ക് ടീം കടക്കും. ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗം തന്നെയാണ് ഇന്ത്യക്കെതിരായ പരമ്പരയും. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ വീഴ്ത്തി ഏകദിന പരമ്പര നേടുക എന്ന സവിശേഷ നേട്ടത്തിനുള്ള അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ളത്'- സ്റ്റാര്‍ക്ക് വ്യക്തമാക്കി. 

ന്യൂബോളില്‍ സ്വിങ് ചെയ്യാനും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ എതിര്‍ ബാറ്റിങ് നിരയെ ചിതറിക്കാനും കെല്‍പ്പുള്ള താരമാണ് സ്റ്റാര്‍ക്ക്. ഈ മികവാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com