വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

'ഐ ലവ് യു മെസി, നന്ദി ലിയോ'- റസ്‌റ്റോറന്റിലേക്ക് ഇടിച്ചു കയറി ജനക്കൂട്ടം; ഒടുവില്‍ കാറില്‍ കയറ്റാന്‍ പൊലീസെത്തി! (വീഡിയോ)

1986ല്‍ ലോകകപ്പ് നേടിയപ്പോള്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ എങ്ങനെയാണോ അര്‍ജന്റീന ജനത കണ്ടത് സമാന അവസ്ഥയിലാണ് ഇപ്പോള്‍ അവര്‍ മെസിയെ കാണുന്നത്

ബ്യൂണസ് അയേഴ്‌സ്: 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ മണ്ണിലേക്ക് ഫുട്‌ബോളിന്റെ വിശ്വ കിരീടം എത്തിച്ച ലയണല്‍ മെസി ഇന്ന് അര്‍ജന്റീന ജനതയുടെ കണ്ണിലുണ്ണിയാണ്. ഒരിടയ്ക്ക് ദേശീയ ടീമിന് വേണ്ടി കിരീടം നേടാത്തവനെന്ന ദുഷ്‌പേര്‍ സ്വന്തം നാട്ടുകാരാല്‍ തന്നെ കേള്‍ക്കേണ്ടി വന്ന മെസി ഖത്തറില്‍ ആ വിടവ് നികത്തിയതോടെ മെസി മാനിയയാണ് അര്‍ജന്റീന മുഴുവന്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ലോകകപ്പ് വിജയത്തിന്റെ അലകള്‍ തീര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 

ബ്യൂണസ് അയേഴ്‌സിന് സമീപമുള്ള പാലെര്‍മോയിലെ ഒരു റസ്‌റ്റോറന്റില്‍ മെസി അത്താഴം കഴിക്കാന്‍ എത്തിയെന്ന് അറിഞ്ഞതോടെ നിമിഷം നേരം കൊണ്ട് റസ്‌റ്റോറന്റും പരിസരവും ജനസാഗരമായി മാറി. മെസി, മെസി വിളികളുമായി ആരാധകര്‍ തടിച്ചുകൂടിയതോടെ താരത്തിന് റസ്‌റ്റോറന്റില്‍ നിന്ന് പുറത്തു കടക്കാന്‍ ഒടുവില്‍ പൊലീസിന്റെ സഹായം തേടേണ്ട അവസ്ഥയായി. പാലെര്‍മോയിലെ ഡോന്‍ ജുലിയോ റസ്‌റ്റോറന്റിലായിരുന്നു മെസി അത്താഴം കഴിക്കാനെത്തിയത്. 

'മെസി, മെസി' വിളികള്‍ക്കൊപ്പം ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനക്കാര്‍ക്കിടയില്‍ തരംഗമായി മാറിയ ഒരു ഒനൗദ്യോഗിക ദേശീയ ഗാനമുണ്ട്. മുച്ചാച്ചോസ് എന്ന് തുടങ്ങുന്ന ആ ഗാനവും റസ്‌റ്റോറന്റില്‍ തടിച്ചുകൂടിയ ആരാധകര്‍ ചൊല്ലുന്നുണ്ടായിരുന്നു. 

1986ല്‍ ലോകകപ്പ് നേടിയപ്പോള്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ എങ്ങനെയാണോ അര്‍ജന്റീന ജനത കണ്ടത് സമാന അവസ്ഥയിലാണ് ഇപ്പോള്‍ അവര്‍ മെസിയെ കാണുന്നത്. അര്‍ജന്റീന തെരുവുകളിലൂടെ മെസിക്ക് ഇനി സ്വതന്ത്രമായി നടക്കാന്‍ സാധിക്കുമോ എന്നു പോലും സംശയിക്കുന്ന തരത്തിലാണ് ആരാധകര്‍ താരം പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തടിച്ചുകൂടുന്നത്. 

ഇതിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 'ഐ ലവ് യു മെസി', 'നന്ദി ലിയോ' തുടങ്ങിയ വാചകങ്ങളും ആരാധകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

പാരിസില്‍ നിന്ന് പാനമയ്‌ക്കെതിരായ സൗഹൃദ മത്സരം കളിക്കാനായാണ് മെസി അര്‍ജന്റീനയില്‍ തിരിച്ചെത്തിയിരിക്കുന്നത്. വരുന്ന തിങ്കളാഴ്ചയാണ് പാനമയ്‌ക്കെതിരായ പോരാട്ടം. ഇതിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ നേട്ടമാണ് സംഘാടകര്‍ക്ക് ലഭിച്ചിരിക്കുന്നത്. 63,000 ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com