ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി; ലോകകപ്പിന് നേരിട്ട് യോഗ്യത ഇല്ല; സ്വപ്‌നം തല്ലിക്കെടുത്തി ന്യൂസിലന്‍ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2023 03:11 PM |
Last Updated: 31st March 2023 03:11 PM | A+A A- |

ന്യൂസിലൻഡിന് ജയം ഒരുക്കിയ വിൽ യങ്- ഹെൻറി നിക്കോൾസ് സഖ്യം ബാറ്റിങിനിടെ/ ട്വിറ്റർ
ഹാമില്‍ട്ടന്‍: ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ശ്രീലങ്കയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 2-0ത്തിന് അടിയറവ് വച്ചതോടെയാണ് അവര്‍ക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഉപേക്ഷിച്ചിരുന്നു. ഫലത്തില്‍ ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരി. ഇതോടെയാണ് ലങ്കന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നത്.
ശ്രീലങ്ക ഇനി ജൂണ്‍, ജൂലൈ മാസങ്ങളില്‍ പത്ത് ടീമുകള്‍ അണിനിരക്കുന്ന യോഗ്യതാ പോരാട്ടം കളിക്കണം. ഇന്ത്യയെ കൂടാതെ ആറ് ടീമുകള്‍ നിലവില്‍ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് യോഗ്യത ഉറപ്പാക്കിയത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് ടീമുകളും സാധ്യത നിലനിര്‍ത്തി നില്‍ക്കുന്നു.
മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ലങ്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 41.3 ഓവറില്‍ വെറും 157 റണ്‍സിന് ഓള്‍ഔട്ടായി. വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 32.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സ് കണ്ടെത്തിയാണ് വിജയം സ്വന്തമാക്കിയത്.
86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വില്‍ യങിന്റെ ക്ഷമയോടെയുള്ള ബാറ്റിങാണ് കിവികള്‍ക്ക് ജയം സമ്മാനിച്ചത്. താരത്തിനൊപ്പം പുറത്താകാതെ 44 റണ്‍സെടുത്ത് ഹെന്റി നിക്കോള്‍സും തിളങ്ങി.
ചാഡ് ബോവെസ് (ഒന്ന്), ടോം ബ്ലന്‍ഡല്‍ (നാല്), ഡാരില്‍ മിച്ചല്‍ (ആറ്), ക്യാപ്റ്റന്‍ ടോം ലാതം (എട്ട്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായത് ലങ്കയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ യങ്- നിക്കോള്‍സ് സഖ്യം അവരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ കണക്കുകൂട്ടല്‍ അമ്പേ പാളിപ്പോയി. ഓപ്പണര്‍ പതും നിസങ്ക ഒരറ്റത്ത് നിന്ന് പൊരുതിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ ക്ഷണനേരത്തില്‍ നിലംപൊത്തി. നിസങ്ക 57 റണ്‍സെടുത്ത് മടങ്ങി.
70 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ വീണിരുന്നു. മൂന്ന് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറി. പിന്നീട് വാലറ്റത്ത് ക്യാപ്റ്റന്‍ ഷനകയും (31), ചമിക കരുണരത്‌നെയും (24) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഈ നിലയിലെങ്കിലും സ്‌കോര്‍ എത്തിച്ചത്.
ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, ഹെന്റി ഷിപ്‌ലി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഇംപാക്റ്റ് പ്ലെയർ'- ഐപിഎല്ലിൽ ഇനി കളി മാറും!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ