ആദ്യം 214 റണ്‍സ് നേടി ജയിച്ചു, പിന്നാലെ 216 അടിച്ചെടുത്തു! ഐപിഎല്ലില്‍ ആദ്യം; റെക്കോര്‍ഡിട്ട് മുംബൈ

200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് രണ്ട് തുടര്‍ വിജയങ്ങള്‍ ആദ്യമായാണ് ഐപിഎല്ലില്‍ ഒരു ടീം നേടുന്നത്
വിജയ റൺ നേടിയ തിലക് വർമയുടെ ആ​ഹ്ലാദം/ പിടിഐ
വിജയ റൺ നേടിയ തിലക് വർമയുടെ ആ​ഹ്ലാദം/ പിടിഐ

മൊഹാലി: ഐപിഎല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെതിരായ ഇന്നലെ നടന്ന പോരാട്ടം വിജയിച്ചതിന് പിന്നാലെയാണ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് മുംബൈ സ്വന്തം പേരിലാക്കിയത്. തുടര്‍ച്ചയായി 200ന് മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിക്കുന്ന ഐപിഎല്ലിലെ ആദ്യ സംഘമെന്ന നേട്ടമാണ് മുംബൈ ടീമിന്റെ പേരിലായത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയ ലക്ഷ്യം 216 അടിച്ച് അവര്‍ മറികടന്നു. 

200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് രണ്ട് തുടര്‍ വിജയങ്ങള്‍ ആദ്യമായാണ് ഐപിഎല്ലില്‍ ഒരു ടീം നേടുന്നത്. പഞ്ചാബിനെതിരായ പോരാട്ടത്തിന് മുന്‍പ് നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരവും മുംബൈ സമാന രീതിയില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്‌സ് ചെയ്താണ് വിജയിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടം അവസാന ഓവറില്‍ മൂന്ന് സിക്‌സുകള്‍ അടിച്ച് അവര്‍ നാടകീയമായി വിജയിച്ചിരുന്നു. രാജസ്ഥാന്‍ മുന്നില്‍ വച്ച 213 റണ്‍സാണ് മുംബൈ മൂന്ന് പന്തുകള്‍ ശേഷിക്കെ മറികടന്നു. പിന്നാലെയാണ് പഞ്ചാബിനെതിരെയും 200ന് മുകളില്‍ ചെയ്‌സ് ചെയ്ത് അവര്‍ വിജയം പിടിച്ചത്. 

പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം നിഷ്പ്രയാസം മുംബൈ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 215 എന്ന വമ്പന്‍ ടോട്ടല്‍ അടിച്ചു കൂട്ടി. കൂറ്റന്‍ റണ്‍മല ലക്ഷ്യമാക്കി ബാറ്റേന്തിയ മുംബൈ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. ഇഷാന്‍ കിഷന്റേയും (75) സൂര്യ കുമാര്‍ യാദവിന്റേയും (66) മിന്നും പ്രകടനമാണ് വിജയം അനായാസമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ലിയാം ലിവിങ്സ്റ്റണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ 215 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ നായകന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. പിന്നാലെ എത്തിയ കാമറൂണ്‍ ഗ്രീനും ഇഷാന്‍ കിഷനും നില മെച്ചപ്പെടുത്തുകയായിരുന്നു. 

പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാനും ചേര്‍ന്ന് കളിയുടെ ഗതിമാറ്റി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 55 പന്തില്‍ നിന്ന് 116 റണ്‍സാണ് അടിച്ചുകൂട്ടിയത്. സൂര്യയും ഇഷാനും കൂറ്റന്‍ അടികളിലൂടെ പഞ്ചാബ് ബൗളര്‍മാരെ പറത്തിയതോടെ മുംബൈ സ്‌കോര്‍ 150 കടന്നു. ഇരുവരേയും അതിനിടെ മുംബൈക്ക് നഷ്ടമായി.

എന്നാല്‍ ടിം ഡേവിഡും തിലക് വര്‍മയും മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. മൂന്നോവറില്‍ വെറും 21 റണ്‍സായി മുംബൈയുടെ വിജയലക്ഷ്യം. ഡേവിഡും തിലകും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയതീരത്തെത്തിച്ചു. അര്‍ഷ്ദീപിന്റെ പന്തില്‍ തകര്‍പ്പന്‍ സിക്‌സോടെ തിലകാണ് വിജയറണ്‍ കുറിച്ചത്. ഡേവിഡ് 19 റണ്‍സെടുത്തും തിലക് 26 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com