'നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യന്‍, രഹാനെ ലോകകപ്പ് കളിക്കുന്നത് കാണാന്‍ ആഗ്രഹം'

രഹാനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യനാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തിലെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു
അജിന്‍ക്യ രഹാനെ/ എഎഫ്പി
അജിന്‍ക്യ രഹാനെ/ എഎഫ്പി

ചെന്നൈ: വെറ്ററന്‍ ക്ലാസിക്ക് ബാറ്റര്‍ അജിന്‍ക്യ രഹാനെയുടെ ടി20 ഫോര്‍മാറ്റിലെ മിന്നും ഫോമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രാഹനെ അസാധ്യ ബാറ്റിങ് ഫോമാണ് പ്രകടിപ്പിക്കുന്നത്. താരത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ് ശ്രീശാന്ത് പറയുന്നു. 

രഹാനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യനാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തിലെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയിലാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രഹാനെയെ തിരിച്ചുവിളിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങി വരവ്. പിന്നാലെയാണ് ശ്രീശാന്തിന്റെ പ്രതികരണം.  

'അദ്ദേഹത്തെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം കാണണമെന്ന് പ്രത്യേകിച്ചും ആഗ്രഹിക്കുന്നു. സെലക്ടര്‍മാര്‍ കൈക്കൊള്ളുന്ന ഏറ്റവും ധീരമായ തീരുമാനമായിരിക്കും രഹാനെയെ ടീമിലെടുക്കുന്നത്.' 

'രഹാനെക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ആ പ്രകടനം പരിഗണിക്കേണ്ടതില്ല. പകരം അദ്ദേഹത്തിന് ഏകദിനമടക്കമുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവസരം നല്‍കണം. എനിക്കുറപ്പുണ്ട് നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യക്കു വേണ്ടി അദ്ദേഹത്തിന് ഇനിയും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കും. തിരിച്ചെത്തി രാജ്യത്തിനായി അദ്ദേഹം വിജയങ്ങള്‍ സമ്മാനിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് ചുരുക്കം'- ശ്രീശാന്ത് വ്യക്തമാക്കി. 

നടപ്പ് ഐപിഎല്‍ സീസണില്‍ ഏഴ് കളികളില്‍ നിന്നു ഇതുവരെയായി താരം 224 റണ്‍സാണ് അടിച്ചുകൂട്ടിയത്. സ്‌ട്രൈക്ക് റേറ്റ് 189. അതേസമയം ഇന്ത്യക്കായി 2018ലാണ് രഹാനെ അവസാനമായി ഏകദിനം കളിച്ചത്. ടി20യില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത് 2016ലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com