എട്ടാം ജയം, പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത്; ലഖ്‌നൗവിനെ തകര്‍ത്തത് 56 റണ്‍സിന്; മോഹിതിന് നാലു വിക്കറ്റ്

ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം
ലഖ്‌നൗവിനെതിരായ വിജയം ആഘോഷിക്കുന്ന ഗുജറാത്ത് താരങ്ങള്‍
ലഖ്‌നൗവിനെതിരായ വിജയം ആഘോഷിക്കുന്ന ഗുജറാത്ത് താരങ്ങള്‍

അഹമ്മദാബാദ്:  ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടൈറ്റന്‍സിനായി മോഹിത് ശര്‍മ നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്വിന്റന്‍ ഡി കോക്കും കൈല്‍ മേയര്‍സും ചേര്‍ന്ന് ലക്‌നൗവിന് മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് അതു മുതലെടുക്കാന്‍ സാധിച്ചില്ല. ഐപിഎല്‍ സീസണില്‍ ആദ്യ മത്സരം കളിക്കുന്ന ഡി കോക്ക് 41 പന്തുകളില്‍നിന്ന് 70 റണ്‍സെടുത്തു പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സാണ് ലക്‌നൗ താരങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. 

മേയര്‍സ് 32 പന്തില്‍ 48 റണ്‍സുമായി മടങ്ങി. മോഹിത് ശര്‍മയുടെ പന്തില്‍ റാഷിദ് ഖാന്‍ പിടിച്ചു പുറത്താക്കി.  മധ്യനിര ദീപക് ഹൂഡ (11), മാര്‍കസ് സ്റ്റോയ്‌നിസ് (4), നിക്കോളാസ് പുരാന്‍ (3) എന്നിവര്‍ അതിവേഗം പുറത്തായി. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ പൂജ്യത്തിന് പുറത്തായി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തില്‍ 21 റണ്‍സെടുത്തു. മോഹിത് ശര്‍മയുടെ പന്തില്‍ നൂര്‍ അഹമ്മദ് ക്യാച്ചെടുത്താണ് ബദോനിയെ പുറത്താക്കിയത്. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടിയ ലഖ്നൗ ഗുജറാത്തിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ 51 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും സഹിതം 94 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്സും സഹിതം 12 പന്തില്‍ 21 റണ്‍സാണ് മില്ലര്‍ കണ്ടെത്തിയത്. 

20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സാഹ ആകെ 43 പന്തില്‍ 81 റണ്‍സെടുത്ത് മടങ്ങി. പത്ത് ഫോറും നാല് സിക്സും സഹിതമായിരുന്നു സാഹയുടെ ബാറ്റിങ്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒരു ഫോറും രണ്ട് സിക്സും സഹിതം 15 പന്തില്‍ 25 റണ്‍സെടുത്തും പുറത്തായി. 

ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.1 ഓവറില്‍ 142 റണ്‍സാണ് ചേര്‍ത്തത്. സാഹയെ മടക്കി അവേശ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ സിക്സര്‍ തൂക്കി വെടിക്കെട്ടിന് തിരികൊളുത്തിയ സാഹ തുടക്കത്തില്‍ ഗില്ലിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ചു. 

20 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട ശേഷമാണ് സാഹ വേഗം കുറച്ചത്. അവിടെ നിന്നാണ് ഗില്‍ തുടങ്ങിയത്. ഇരുവരും പവര്‍പ്ലേയില്‍ 78 റണ്‍സ് ചേര്‍ത്തു. ലഖ്നൗവിന്റെ എട്ട് താരങ്ങള്‍ പന്തെറിഞ്ഞു. എല്ലാവര്‍ക്കും കണക്കിന് തല്ലും കിട്ടി. ആവേശ് ഖാന് പുറമെ മൊഹ്സിന്‍ ഖാനാണ് ശേഷിച്ച വിക്കറ്റ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com