തന്ത്രങ്ങളുടെ 'തല'- കെണിയിൽ വീണ്, സംപൂജ്യനായി രോ​ഹിത് ശർമ! (വീഡിയോ)

രോഹിതിന്റെ നീക്കത്തെ ചെറുക്കാൻ ഫീൽഡിങ് മാറ്റം വരുത്തിയ ധോനി അദ്ദേഹത്തെ ശരിക്കും പറഞ്ഞാൽ കെണിയിൽ വീഴ്ത്തുക തന്നെ ചെയ്തു
ഔട്ടായി മടങ്ങുന്ന രോഹിത്/ പിടിഐ
ഔട്ടായി മടങ്ങുന്ന രോഹിത്/ പിടിഐ

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനി തന്ത്രങ്ങളുടെ കാര്യത്തിൽ അപരമായ സിദ്ധികൾ പ്രദർശിപ്പിക്കുന്ന താരമാണ്. കളിയുടെ ​ഗതി വിക്കറ്റിന് പിന്നിൽ നിന്നു വായിച്ചെടുത്ത് ഓരോ താരത്തിന്റേയും പോരായ്മകൾ അറിഞ്ഞ് അതിനനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യുന്നതടക്കമുള്ള ധോനിയുടെ തന്ത്രങ്ങൾക്ക് ക്രിക്കറ്റ് ലോകം പല വട്ടം സാക്ഷികളാണ്. അത്തരമൊരു നിർണായക തന്ത്രമാണ് ഇന്നലെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കെതിരെ ധോനി നടത്തിയത്. സംഭവം ആരാധകർ ആഘോഷമാക്കുകയും ചെയ്തു. 

പതിവിന് വിപരീതമായി ഇന്നലെ വൺഡ‍ൗണായാണ് രോഹിത് ഇറങ്ങിയത്. ഓപ്പണിങ് ഇറങ്ങി നിരന്തരം പരാജയപ്പെട്ടതിനു പിന്നാലെ സ്ഥാനം ഇറങ്ങി കളിക്കാനായിരുന്നു രോഹതിന്റെ തീരുമാനം. പക്ഷേ അവിടെയും ഹിറ്റ്മാൻ പച്ച തൊട്ടില്ല. മൂന്ന് പന്തുകൾ മാത്രം നേരിട്ട് ഒരിക്കൽ കൂടി സംപൂജ്യനായി മടങ്ങി. 

രോഹിതിന്റെ നീക്കത്തെ ചെറുക്കാൻ ഫീൽഡിങ് മാറ്റം വരുത്തിയ ധോനി അദ്ദേഹത്തെ ശരിക്കും പറഞ്ഞാൽ കെണിയിൽ വീഴ്ത്തുക തന്നെ ചെയ്തു. ദീപക് ചഹർ എറിഞ്ഞ മൂന്നാം ഓവറിലാണ് രോഹിത് മടങ്ങിയത്. രോഹിത് ബാറ്റിങിന് എത്തിയപ്പോൾ ബാക്ക്‌വേർഡ് പോയിന്റ്, ഷോർട്ട് തേ‍ഡ്, സ്ലിപ്പ് എന്നിവിടങ്ങളിൽ ഫീൽഡർമാരെ വിന്യസിച്ചാണ് ധോനി കെണിയൊരുക്കിയത്. പേസർമാർ പന്തെറിയുമ്പോൾ സാധാരണയായി വിക്കറ്റ് കീപ്പർമാർ വിക്കറ്റിന് നന്നായി പിന്നിലേക്ക് ഇറങ്ങി നിൽക്കാറാണ് പതിവ്. രോഹിത് ആദ്യ രണ്ട് പന്തുകൾ നേരിടുമ്പോൾ ധോനി നിന്നതും അത്തരത്തിൽ തന്നെ. 

എന്നാൽ ആദ്യ രണ്ട് പന്തുകളിലും രോഹിത് കളിച്ച രീതി കണ്ടതോടെ ധോനി വിക്കറ്റിന് അരികിലേക്ക് നിന്നു. ഇതോടെ രോ​ഹിത് സമ്മർദ്ദത്തിലായി. ചഹർ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ സ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച രോഹിതിന് പിഴച്ചു. വിക്കറ്റിന് പിന്നിലെ സ്ഥലം മുതലാക്കി ഷോട്ട് ഉതിർക്കാനായിരുന്നു മുംബൈ നായകന്റെ ശ്രമം. ചഹർ വേ​ഗം കുറച്ചാണ് പന്തെറിഞ്ഞത്. ടൈമിങ് പിഴച്ച് രോ​ഹിത് ഷോട്ടെടുക്കുമ്പോൾ ധോനി ഒഴിഞ്ഞു മാറിക്കൊടുത്തു. പന്ത് ഉയർന്ന് ബാക്ക്‌വേർഡിൽ ഫീൽഡ് ചെയ്യുകയായിരുന്നു ജഡേജയുടെ കൈകളിൽ. കമന്റേറ്റർമാരടക്കം ധോനിയുടെ തന്ത്രത്തെ പുകഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com