ആ 'നോബോൾ' വിധിയെഴുതി; നാടകാന്തം ഹൈദരാബാദ്; വീണ്ടും ജയം കൈവിട്ട് സഞ്ജുവും സംഘവും

രാജസ്ഥാന് വേണ്ടി ചഹൽ നാല് വിക്കറ്റ് വീഴ്ത്തി. കുൽ​ദീപ് യാദവ്, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on
2 min read

ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ കഷ്ടകാലത്തിന് അറുതിയില്ല. കൈയിലിരുന്ന മറ്റൊരു മത്സരം കൂടി അവർ കൈവിട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് അവർ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയപ്പോൾ സൺറൈസേഴ്സ് അതേ നാണയത്തിൽ തിരിച്ചടിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ 217 റൺസെടുത്താണ് വിജയം തൊട്ടത്. 

അത്യന്തം നടകീയമായിരുന്നു പോരാട്ടം. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. അബ്​ദുൽ സമദായിരുന്നു ബാറ്റർ. ഒന്നാം പന്തിൽ രണ്ട് റൺസാണ് സമദ് അടിച്ചത്. രണ്ടാം പന്ത് സിക്‌സിന് തൂക്കി. മൂന്നാം പന്തിലും രണ്ട് റൺസ്. നാലാം പന്തിൽ ഒരു റൺ. അഞ്ചാം പന്ത് നേരിട്ട മാർക്കോ ജൻസനും ഒരു റണ്ണെടുത്തു സ്‌ട്രൈക്ക് കൈമാറി. 

ഒരു പന്ത് ശേഷിക്കേ ഹൈദരാബാദിന് ജയം അഞ്ച് റൺസ് അകലെ. എന്നാൽ ആറാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സമദ് ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു. രാജസ്ഥാൻ ക്യാമ്പിൽ വിജയത്തിന്റെ ആഹ്ലാദം. മറുഭാഗത്ത് മറ്റൊരു നിരാശ. സന്ദീപ് കൈകൾ ആകേശത്തേക്ക് ഉയർത്തി ആശ്വസിക്കുകയും ചെയ്തു. എന്നാൽ താരങ്ങൾ ഗ്രൗണ്ട് വിടാൻ ഒരുങ്ങുവെ നോബോൾ സിഗ്നൽ വന്നതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. ജയം ഒരു പന്തിൽ നാല് എന്ന സ്ഥിതിയിൽ സന്ദീപ് പന്തെറിയുന്നു. ഈ പന്ത് സമദ് സിക്‌സർ തൂക്കി ഹൈദരാബാദിന് അവിശ്വസനീയ വിജയം സമ്മാനിച്ചു. 

രാജസ്ഥാൻ ഉയർത്തിയ 215 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിനായി അൻമോൽപ്രീത് സിങ് - അഭിഷേക് ശർമ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 35 പന്തിൽ നിന്ന് 51 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 25 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റൺസെടുത്ത അൻമോൽപ്രീതിനെ പുറത്താക്കി യുസ്‌വേന്ദ്ര ചഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് അഭിഷേക് തകർത്തടിച്ചു. 65 റൺസാണ് ഇരുവരും ചേർന്ന് ഹൈദരാബാദ് സ്‌കോറിലേക്ക് ചേർത്തത്. 34 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 55 റൺസെടുത്ത അഭിഷേകിനെ പുറത്താക്കി ആർ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടർന്നെത്തിയ ഹെൻ‌റിച് ക്ലാസനും തകർത്തടിച്ചതോടെ ഹൈദരാബാദ് ജയപ്രതീക്ഷയിലായിരുന്നു. 12 പന്തിൽ നിന്ന് 26 റൺസായിരുന്നു ക്ലാസന്റെ സംഭാവന. ക്ലാസന് പിന്നാലെ 29 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 47 റൺസെടുത്ത രാഹുൽ ത്രിപാഠിയും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും (6) പുറത്തായതോടെ ഹൈദരാബാദ് ജയം കൈവിട്ടെന്ന് തോന്നിച്ചു. എന്നാൽ ആറാമനായി എത്തി വെറും ഏഴ് പന്തിൽ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 25 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ഹൈദരാബാദിനെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. പിന്നാലെ അബ്ദുൾ സമദിന്റെ ഇന്നിങ്‌സ് അവർക്ക് ജയമൊരുക്കുകയും ചെയ്തു.

രാജസ്ഥാന് വേണ്ടി ചഹൽ നാല് വിക്കറ്റ് വീഴ്ത്തി. കുൽ​ദീപ് യാദവ്, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി സ്വന്തം തട്ടകത്തില്‍ ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരുടെ അർധ സെഞ്ച്വറി ബലത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഇരുവരും തകര്‍ത്തടിച്ചതോടെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. 

59 പന്തുകള്‍ നേരിട്ട ബട്‌ലര്‍ 95 റണ്‍സെടുത്ത് പുറത്തായി. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ ബട്‌ലറിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഉറച്ച പിന്തുണയുമായി സഞ്ജു അര്‍ധ കൂട്ടുനിന്നു. 38 പന്തുകള്‍ നേരിട്ട സഞ്ജു നാല് ഫോറും അഞ്ച് സിക്‌സും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ സീസണില്‍ സഞ്ജുവിന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയും സീസണിലെ ഉയര്‍ന്ന സ്‌കോറുമാണിത്. 

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. 18 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ ബട്ലർ- സഞ്ജു സഖ്യം അടിച്ചുകൂട്ടിയത് 138 റണ്‍സാണ്. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍ - ജയ്‌സ്വാള്‍ സഖ്യം വെറും 30 പന്തില്‍നിന്ന് 54 റണ്‍സ് അടിച്ചുകൂട്ടിയതിനു പിന്നാലെയായിരുന്നു ഇവരുടെ മികച്ച കൂട്ടുകെട്ട്. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ ജാന്‍സനും നാല് ഓവറില്‍ 44 റണ്‍സ് വീതം വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്ത്തി. മയാങ്ക് മാര്‍ക്കണ്ഡെ നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com