ചരിത്രത്തിലേക്ക് ചഹലിന്റെ 'ഗൂഗ്ലി'- ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; റെക്കോര്‍ഡില്‍ ബ്രാവോയ്‌ക്കൊപ്പം

ഈ സീസണില്‍ തന്നെ ചഹല്‍ റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നും ഉറപ്പായി
ക്ലാസനെ പുറത്താക്കിയ ​ചഹലിന്റെ ആഘോഷം/ ട്വിറ്റർ
ക്ലാസനെ പുറത്താക്കിയ ​ചഹലിന്റെ ആഘോഷം/ ട്വിറ്റർ

ജയ്പുര്‍: ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം ചഹല്‍ തന്റെ പേരും എഴുതി ചേര്‍ത്തു. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ഇതിഹാസ വിന്‍ഡീസ് ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോയുടെ നേട്ടത്തിനൊപ്പമാണ് ചഹല്‍ എത്തിയത്. 

ഇരുവരും 183 വിക്കറ്റുകളാണ് ഐപിഎല്ലില്‍ വീഴ്ത്തിയത്. ഈ സീസണില്‍ തന്നെ ചഹല്‍ റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നും ഉറപ്പായി.  

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് ചഹല്‍ എത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് ടീമുകളില്‍ കളിച്ച ചഹല്‍ 142 മത്സരങ്ങളില്‍ നിന്നാണ് 183 വിക്കറ്റുകള്‍ നേടിയത്. എക്കോണമി 8.08, ആവറേജ് 19.41. 

2014 മുതല്‍ 2021 വരെയാണ് ചഹല്‍ ആര്‍സിബിക്കായി കളിച്ചത്. അവരുടെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും ചഹല്‍ തന്നെ. ആര്‍സിബി ജേഴ്‌സിയില്‍ 113 മത്സരങ്ങള്‍ കളിച്ച് താരം വീഴ്ത്തിയത് 139 വിക്കറ്റുകള്‍. രാജസ്ഥാനു വേണ്ടി ഇതുവരെ 28 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റുകളും വീഴ്ത്തി.  

റെക്കോര്‍ഡ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാല് പേരും ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. ബ്രാവോയും ചഹലും 183 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ പിയൂഷ് ചൗള 174 വിക്കറ്റുകള്‍ വീഴ്ത്തി തൊട്ടുപിന്നില്‍. 172 വിക്കറ്റുകളുമായി അമിത് മിശ്രയും 171 വിക്കറ്റുകളുമായി ആര്‍ അശ്വിനും പിന്നീടുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com