മങ്കാദിന്റെ അര്‍ധ സെഞ്ച്വറി, കത്തിപ്പടര്‍ന്ന് നിക്കോളാസ് പുരന്‍; ജയം പിടിച്ച് ലഖ്‌നൗ

വെറും 13 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുരന്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു
നിക്കോളാസ് പുരന്റെ ബാറ്റിങ്/ പിടിഐ
നിക്കോളാസ് പുരന്റെ ബാറ്റിങ്/ പിടിഐ

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നാല് പന്തുകള്‍ ശേഷിക്കെ എവ് വിക്കറ്റിനാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അവര്‍ പ്ലേ ഓഫ് സാധ്യതകളും സജീവമായി. ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച് 182 റണ്‍സ് അടിച്ചെടുത്തു. ലഖ്‌നൗ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചെടുത്തു. 

അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന പ്രേരക് മങ്കാദിന്റെ കിടിലന്‍ ബാറ്റിങാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. താരം 45 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരനും മങ്കാദിന് മികച്ച പിന്തുണ നല്‍കി. 

നിക്കോളാസ് പുരന്‍ കത്തിപ്പടര്‍ന്നു. വെറും 13 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുരന്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്റ്റോയിനിസ് 25 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 40 റണ്‍സ് അടിച്ചു. 

ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് 29 റണ്‍സെടുത്തു. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും താരം പറത്തി. സഹ ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സ് രണ്ട് റണ്ണില്‍ പുറത്തായി. 

ഹൈദരാബാദിനായി ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് മാര്‍ക്കണ്ഡെ, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ അഭിഷേക് ശര്‍മ (ഏഴ്)യെ നഷ്ടമായെങ്കിലും പിന്നീടെത്തിയവര്‍ പിടിച്ചു നിന്നത് തുണയായി. 29 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 

25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അബ്ദുല്‍ സമദിന്റെ ബാറ്റിങാണ് സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. സമദിനൊപ്പം രണ്ട് റണ്ണുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. 

രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (28), ഗ്ലെന്‍ ഫിലിപ്‌സ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റുകളെടുത്തു. യുധ് വിര്‍സിങ്, അവേശ് ഖാന്‍, യഷ് ഠാക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com