ചെന്നൈ സൂപ്പര്‍ കിങ്‌സിന് 'ഷോക്ക്'- അനായാസം കൊല്‍ക്കത്ത

തുടക്കത്തില്‍ പതറിയ കൊല്‍ക്കത്തയെ ക്യാപ്റ്റന്‍ നിതീഷ് റാണയും ഈ സീസണിലെ അവരുടെ മിന്നും താരമായി മാറിയ റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റി വിജയ തീരത്തെത്തിച്ചത്
റിങ്കു സിങും നിതീഷ് റാണയും ബാറ്റിങിനിടെ/ പിടിഐ
റിങ്കു സിങും നിതീഷ് റാണയും ബാറ്റിങിനിടെ/ പിടിഐ

ചെന്നൈ: പ്ലേ ഓഫിന് തൊട്ടരികിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഞെട്ടിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 147 റണ്‍സെടുത്താണ് വിജയിച്ചത്. 

തോല്‍വിയോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്ക് അടുത്ത മത്സരങ്ങള്‍ ജയിക്കണം. അപ്രതീക്ഷിത ജയത്തോടെ കൊൽക്കത്തയും അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.

തുടക്കത്തില്‍ പതറിയ കൊല്‍ക്കത്തയെ ക്യാപ്റ്റന്‍ നിതീഷ് റാണയും ഈ സീസണിലെ അവരുടെ മിന്നും താരമായി മാറിയ റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റി വിജയ തീരത്തെത്തിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറികള്‍ നേടി. 

33 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ജാസന്‍ റോയ് 12 റണ്‍സോടെയും റഹ്മാനുല്ല ഗുര്‍ബാസ് ഒരു റണ്ണെടുത്തും വെങ്കടേഷ് അയ്യര്‍ ഒന്‍പത് റണ്‍സുമായി മടങ്ങി. 

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിതീഷ്- റിങ്കു സഖ്യം പോരാട്ടം ചെന്നൈ ക്യാമ്പിലേക്ക് നയിച്ചു. നിതീഷ് 44 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്നു. റിങ്കു 43 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സും കണ്ടെത്തി. വിജയത്തിലെത്തുമ്പോള്‍ നിതീഷിനൊപ്പം രണ്ട് റണ്ണുമായി ആന്ദ്രെ റസ്സല്‍ പുറത്താകാതെ നിന്നു. 

ചെന്നൈയ്ക്കായി ദീപക് ചഹര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റിങ്കു സിങ് റണ്ണൗട്ടിലാണ് പുറത്തായത്. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കൊല്‍ക്കത്ത ബൗളിങിന് മുന്നില്‍ വരിഞ്ഞു മുറുക്കപ്പെട്ടു. 34 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ഡുബെയുടെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് തുണയായത്. 

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 28 പന്തില്‍ 30 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെ 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സുമായി മടങ്ങി. രവീന്ദ്ര ജഡേജ (20), ഋതുരാജ് ഗെയ്ക്‌വാദ് (17) എന്നിവരും രണ്ടക്കം കടന്നു. മൊയീന്‍ അലി ഒരു റണ്ണുമായി പുറത്തായി. ഡുബെയ്‌ക്കൊപ്പം കളി അവസാനിക്കുമ്പോള്‍ റണ്ട് റണ്ണുമായി ധോനി ക്രീസില്‍. 

നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സുനില്‍ നരെയ്ന്‍ മികവോടെ പന്തെറിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com