ലിവിങ്സ്റ്റന്റെ കൂറ്റനടികളും തുണച്ചില്ല; പഞ്ചാബിന്റെ വഴി മുടക്കി, ജയം പിടിച്ച് ഡൽഹി

പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാനെ റണ്ണൊന്നുമെടുക്കാതെ രണ്ടാം ഓവറിൽ തന്നെ അവർക്ക് നഷ്ടമായി. ഇഷാന്ത് ശർമക്കാണ് വിക്കറ്റ്
നിരാശനായി ലിയാം ലിവിങ്സ്റ്റൻ/ പിടിഐ
നിരാശനായി ലിയാം ലിവിങ്സ്റ്റൻ/ പിടിഐ
Updated on
2 min read

ധരംശാല: നേരത്തെ തന്നെ പുറത്തായ ഡൽഹി ക്യാപിറ്റൽസ് പോകുന്ന പോക്കിൽ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകളുടെ വഴിയടച്ചു. ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഡൽഹി 15 റൺസിന് വിജയിച്ചു. പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. നാളെ രാജസ്ഥാനുമായാണ് പഞ്ചാബിന്റെ അവസാന പോരാട്ടം. ഇതിൽ ജയിച്ചാലും മറ്റു ടീമുകളുടെ ഫലവും അവർ നോക്കണം. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. മറുപടി പറയാനിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. 

പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാനെ റണ്ണൊന്നുമെടുക്കാതെ രണ്ടാം ഓവറിൽ തന്നെ അവർക്ക് നഷ്ടമായി. ഇഷാന്ത് ശർമക്കാണ് വിക്കറ്റ്. പിന്നീട് രണ്ടാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങും (19 പന്തിൽ 22), അഥർവ തെയ്ഡയും (42 പന്തിൽ 55) ചേർന്നുള്ള സഖ്യം ബോർഡിൽ 50 റൺസ് ചേർത്തു. പ്രഭ്സിമ്രാനെ ഏഴാം ഓവറിൽ അക്ഷർ പട്ടേൽ മടക്കി ഈ കൂട്ട് പൊളിച്ചു. 

അഥർവയ്ക്ക് കൂട്ടായി പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൻ പഞ്ചാബിന് വിജയ പ്രതീക്ഷ നൽകി. താരം കൂറ്റനടികളുമായി കളം നിറഞ്ഞു. അതിനിടെ അഥർവ മടങ്ങിയെങ്കിലും ലിവിങ്സ്റ്റൻ പൊരുതി നിന്നു. താരം ഒൻപത് സിക്സും അഞ്ച് ഫോറും പറത്തി. അവസാന പന്തിൽ ലിവിങ്സ്റ്റൻ പുറത്താകുമ്പോൾ അവർക്ക് വിജയത്തിലേക്ക് 15 റൺസ് വേണമായിരുന്നു. 

11 റൺസെടുത്ത സാം കറനാണ് പിടിച്ചു നിൽക്കാൻ ശ്രമിച്ച മറ്റൊരു താരം. ഷാരൂഖ് ഖാനടക്കമുള്ള വമ്പനടിക്കാരെല്ലാം തീർത്തു പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ പ്രതീക്ഷകളും മങ്ങി. 

അവസാന ഓവറിൽ 33 റൺസായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇഷാന്ത് ശർമ എറിഞ്ഞ ഓവറിൽ ഒരു നോബോളടക്കം ലഭിച്ചു. എന്നാൽ 17 റൺസ് മാത്രമേ ഈ ഓവറിൽ അവർക്ക് നേടാൻ സാധിച്ചുള്ളു. അവസാന പന്തിൽ ലിവിങ്സ്റ്റൻ ഔട്ടാകുകയും ചെയ്തു. 

ഡൽഹിക്കായി ഇഷാന്ത് ശർമ, ആന്റിച് നോർക്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേലും ഖലീൽ അഹമ്മദും ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി പഞ്ചാബ് ഡൽഹിയെ ബാറ്റിങിന് വിടുകയായിരുന്നു. ബാറ്റെടുത്ത എല്ലാവരും മികവോടെ കളിച്ചപ്പോൾ ഡൽഹി മികച്ച സ്കോറിലേക്ക് കുതിച്ചു. 

ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സ് നേടി. 31 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ച് ഫോറും രണ്ട് സിക്‌സറും പറത്തി. പൃഥ്വിഷായും തകര്‍ത്തടിച്ചതോടെ ഡൽഹി ഈ സീസണിലെ മറ്റ് മത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. പൃഥ്വി 38 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിങ്‌സ്.

റെയ്ലി റൂസോയാണ് ഡല്‍ഹിയുടെ ടോപ്‌ സ്‌കോറര്‍. 37 പന്തില്‍ നിന്ന് താരം 82 റണ്‍സ് നേടി. ആറ് ഫോറും ആറ് സിക്‌സും പറത്തിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഫിൽ സാൾട്ട് 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ഡൽഹിക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com