'സെഞ്ച്വറികള്‍ നേടിയത് മഹത്തായ കാര്യമല്ല, ആളുകള്‍ എന്തു പറയുന്നു എന്നും നോക്കാറില്ല'- കോഹ്‌ലി

സ്‌ട്രൈക്ക് റേറ്റ് ചൂണ്ടി ആളുകള്‍ വിമര്‍ശിക്കുന്നതെന്നും താന്‍ കാര്യമാക്കാറില്ലെന്ന് കോഹ്‌ലി പറയുന്നു. ടീമിനെ ജയിപ്പിക്കാനുള്ള വഴി കണ്ടെത്തുക മാത്രമാണ് ലക്ഷ്യം
കോഹ്‌ലിയും ഡുപ്ലെസിയും/ പിടിഐ
കോഹ്‌ലിയും ഡുപ്ലെസിയും/ പിടിഐ

ഹൈദരാബാദ്: സാഹചര്യം ആവശ്യപ്പെടുന്ന രീതിയില്‍ കളിക്കുക എന്നതാണ് തന്റെ ബാറ്റിങ് രീതിയെന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ക്ലാസിക്ക് സെഞ്ച്വറിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു കോഹ്‌ലി. മികച്ച ബാറ്റിങ് നടത്തുമ്പോള്‍ ഞാന്‍ മഹത്തായ ഒരു കാര്യമാണ് ചെയ്തത് എന്നു സ്വയം തോന്നാറില്ലെന്നും അതുകൊണ്ടു തന്നെ ആളുകള്‍ തന്നെപ്പറ്റി പറയുന്നത് ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

'കളിക്കുമ്പോള്‍ അത്രയധികം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നതു കൊണ്ടു കഴിഞ്ഞ കാലത്ത് എത്ര റണ്‍സെടുത്തു എന്നതടക്കമുള്ള നമ്പറുകളിലേക്ക് ഞാന്‍ നോക്കാറില്ല. ഇതെന്റെ ആറാം ഐപിഎല്‍ സെഞ്ച്വറിയാണ്. എന്നെ സംബന്ധിച്ച് ഞാന്‍ വലിയ എന്തോ കാര്യം ചെയ്തു എന്ന വിചാരമൊന്നുമില്ല. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുമ്പോള്‍ പോലും ഈ വിചാരം തന്നെയാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ എന്നെക്കുറിച്ചു പറയുന്നത് ഞാന്‍ കാര്യമാക്കുന്നില്ല. കാരണം അവര്‍ അവരുടെ അഭിപ്രായമാണ് പറയുന്നത്.' 

'ഈ മനോഭാവത്തിലിരിക്കുമ്പോള്‍ കളികള്‍ എങ്ങനെ ജയിക്കണമെന്ന് നമുക്ക് കൃത്യമായ പദ്ധതിയുണ്ടാകും. സ്വയം മികച്ച പ്രകടനം നടത്തുമ്പോള്‍ ടീം പരാജയപ്പെടുന്നതു പോലെയല്ല. സാഹചര്യത്തിന് യോജിച്ച് കളിക്കുന്നതിലാണ് എനിക്ക് അഭിമാനം തോന്നാറുള്ളത്.'

സ്‌ട്രൈക്ക് റേറ്റ് ചൂണ്ടി ആളുകള്‍ വിമര്‍ശിക്കുന്നതെന്നും താന്‍ കാര്യമാക്കാറില്ലെന്ന് കോഹ്‌ലി പറയുന്നു. ടീമിനെ ജയിപ്പിക്കാനുള്ള വഴി കണ്ടെത്തുക മാത്രമാണ് ലക്ഷ്യം. 

'ഞാന്‍ വളരെ അധികം ഫാന്‍സി ഷോട്ടുകള്‍ കളിക്കുന്ന ആളല്ല. വര്‍ഷത്തില്‍ 12 മാസവും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഫാന്‍സി ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയല്ല എന്റെ രീതി. ഐപിഎല്‍ കഴിഞ്ഞാലുടന്‍ വരുന്നത് ടെസ്റ്റാണ്. അതുകൊണ്ടു തന്നെ ഞാന്‍ സാങ്കേതിക മികവ് പരിഗണിച്ചാണ് ബാറ്റ് ചെയ്യാറുള്ളത്. അതിനൊപ്പം ടീം ജയിക്കാനുള്ള വഴികളും കണ്ടെത്തും.' 

ഈ സീസണില്‍ ആര്‍സിബിയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റിയ രണ്ട് പേരാണ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും കോഹ്‌ലിയും. ടൂര്‍ണമെന്റിലെ എട്ടാം അര്‍ധ സെഞ്ച്വറി നേടിയ ഡുപ്ലെസി കോഹ്‌ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തി. ഇരുവരും തമ്മിലുള്ള ക്രീസിലെ രസതന്ത്രത്തെക്കുറിച്ചും കോഹ്‌ലി പ്രതികരിച്ചു.

നിങ്ങള്‍ തമ്മിലുള്ള ക്രീസിലെ ഈ രസതന്ത്രത്തിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് രസകരമായ ഉത്തരമാണ് കോഹ്‌ലി നല്‍കിയത്. തങ്ങള്‍ രണ്ട് പേരും ശരീരത്തില്‍ ടാറ്റൂ പതിച്ചിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.

'ഞാനും എബിയും (ഡിവില്ല്യേഴ്‌സ്) എങ്ങനെയാണോ മികച്ച രീതിയില്‍ സഖ്യമായി ബാറ്റ് വീശിയത്, അതിനു സമാനമാണ് ഡുപ്ലെയിയുമായുള്ള കൂട്ടുകെട്ടും. കളി എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന ബോധമുള്ളവരാണ് ഇരുവരും എന്നതാണ് അവരുടെ മികവ്. ഡുപ്ലെസിക്കൊപ്പം കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നതും ഞങ്ങളുടെ പ്രകടനം ടീമിന് നിര്‍ണായകമാകുന്നതുമെല്ലാം സന്തോഷമുള്ള കാര്യമാണ്.' 

ആരാധകരുടെ മികച്ച പിന്തുണയേയും കോഹ്‌ലി എടുത്തു പറഞ്ഞു. മികച്ച പിന്തുണയാല്‍ ടീം അനുഗ്രഹിക്കപ്പെട്ടരാണെന്ന് കോഹ്‌ലി വ്യക്തമാക്കി. 

'ഹൈദരാബാദില്‍ കളിക്കുമ്പോള്‍ ഹോം ഗ്രൗണ്ടിന്റെ പ്രതീതി തന്നെയായിരുന്നു. ടീമിനേയും എന്നേയും പ്രോത്സിഹിപ്പിച്ച ആരാധകരോട് കൃതജ്ഞതയുണ്ട്. ഇതൊന്നും ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് നിര്‍ബന്ധിച്ച് എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞിട്ടല്ല. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ സാധിക്കുക എന്നതു തന്നെ അത്ഭുതകരമായ അനുഭവമാണ്'- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com