'ബുമ്രയുടെ പകരക്കാരന്‍ അല്ല, എന്നെ രോഹിത് ഭയ്യക്ക് അറിയാം'- ആകാശ് മധ്‌വാള്‍

സീസണില്‍ ചെപ്പോക്കിലെ സ്‌റ്റേഡിയം പേസര്‍മാരെ വെള്ളം കുടിപ്പിച്ച പിച്ചാണ്. എന്നിട്ടും ഈ പിച്ചില്‍ മികവോടെ പന്തെറിയാന്‍ ആകാശിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം
ആകാശ് മധ്‌വാളിനെ അഭിനന്ദിക്കുന്ന രോഹിത് ശർമ/ പിടിഐ
ആകാശ് മധ്‌വാളിനെ അഭിനന്ദിക്കുന്ന രോഹിത് ശർമ/ പിടിഐ

ചെന്നൈ: ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത്, ഏല്‍പ്പിച്ച ഉത്തരവാദിത്വം വെടിപ്പായി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ ആകാശ് മധ്‌വാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തിയ മാരക ബൗളിങ് പ്രകടനത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ച ആകാശ് ഈ സീസണില്‍ മുംബൈയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി. 3.3 ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സിനെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ താരം വിജയത്തിലെത്തിച്ചത്. 

'ടീം എല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ മികവോടെ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഞാന്‍ ബുമ്രയുടെ പകരക്കാരനല്ല. പക്ഷേ ഏറ്റവും മികവോടെ പന്തെറിയാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.' 

സീസണില്‍ ചെപ്പോക്കിലെ സ്‌റ്റേഡിയം പേസര്‍മാരെ വെള്ളം കുടിപ്പിച്ച പിച്ചാണ്. എന്നിട്ടും ഈ പിച്ചില്‍ മികവോടെ പന്തെറിയാന്‍ ആകാശിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. 

'ചെപ്പോക്കിലെ വിക്കറ്റ് മികച്ചതായിരുന്നു. പന്ത് കൈയില്‍ നിന്നു തെന്നുണ്ടായിരുന്നു. ഞാന്‍ സ്വിങ് ബൗളറാണ്. ഹാര്‍ഡ് ലെങ്തില്‍ പരമാവധി പന്ത് പിച്ച് ചെയ്യിച്ച് വിക്കറ്റുകള്‍ നേടുകയാണ് ഞാന്‍ ലക്ഷ്യം വയ്ക്കാറുള്ളത്.' 

തന്റെ മികച്ച പ്രകടനത്തില്‍ രോഹിതിനും പങ്കുണ്ടെന്ന് ആകാശ് പറയുന്നു. തന്റെ ശക്തി മനസിലാക്കി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ക്യാപ്റ്റന് നല്ല ധാരണയുണ്ടെന്ന് ആകാശ് വ്യക്തമാക്കി. 

'യോര്‍ക്കറുകളാണ് എന്റ കരുത്തെന്ന് രോഹിത് ഭയ്യാക്ക് അറിയാം. നെറ്റ്‌സിലും പരിശീലന സമയത്തുമെല്ലാം ഞാന്‍ മികച്ച രീതിയില്‍ ന്യൂബോള്‍ എറിയുന്നതും അദ്ദേഹം മനസിലാക്കിയിരുന്നു. സാഹചര്യമനുസരിച്ച് എന്നെ എങ്ങിനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.' 

'ക്രിക്കറ്റ് എന്റെ അഭിനിവേശമാണ്. അതുകൊണ്ടു തന്നെ ഞാന്‍ നന്നായി ആസ്വദിച്ചു തന്നെ കളിക്കുന്നു'- ആകാശ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com