മുന്നില്‍ കോഹ്‌ലിയുടെ റെക്കോര്‍ഡ്; വേണ്ടത് 123 റണ്‍സ്, ഗില്‍ നാലാം സെഞ്ച്വറി അടിക്കുമോ? 

ഗില്ലിനെ കാത്ത് ഐപിഎല്ലിലെ ഒരു അനുപമ റെക്കോര്‍ഡ് നില്‍ക്കുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ ഗില്ലിന് വേണ്ടത് 123 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: നാല് മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ച്വറികള്‍, ഈ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ്. ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ മേല്‍പ്പറഞ്ഞ നേട്ടങ്ങളുമായി കുതിക്കുന്ന ശുഭ്മാന്‍ ഗില്ലിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ നോട്ടം. 

ഗില്ലിനെ കാത്ത് ഐപിഎല്ലിലെ ഒരു അനുപമ റെക്കോര്‍ഡ് നില്‍ക്കുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ ഗില്ലിന് വേണ്ടത് 123 റണ്‍സ്. മിന്നും ഫോമില്‍ നില്‍ക്കുന്ന ഗില്‍ സെഞ്ച്വറിയിലൂടെ ആ നേട്ടം തൊടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവിലെ ഫോം കണക്കാക്കിയാല്‍ അതിന് സാധ്യതയുണ്ടെന്ന് കണ്ണും പൂട്ടി പറയാം. 

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലിയുടെ പേരിലാണ്. 2016ലെ ഐപിഎല്ലില്‍ താരം 973 റണ്‍സാണ് അടിച്ചെടുത്തത്. ആ സീസണില്‍ നാല് സെഞ്ച്വറികളും കോഹ്‌ലിയുടെ ബാറ്റില്‍ നിന്നു പിറന്നു. നിലവില്‍ 851 റണ്‍സുമായാണ് ഗില്‍ നില്‍ക്കുന്നത്. ഇന്ന് 123 റണ്‍സെടുത്താല്‍ ഈ റെക്കോര്‍ഡ് ഗില്ലിന് സ്വന്തമാക്കാം. 

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന നേട്ടം നാലെണ്ണം വീതം അടിച്ച് കോഹ്‌ലിയും ജോസ് ബട്‌ലറും പങ്കിടുകയാണ്. ഈ ഐലൈറ്റ് ലിസ്റ്റിലേക്ക് ഇന്ന് സെഞ്ച്വറി നേടിയാല്‍ ഗില്ലും കയറും. 

ഒറ്റ സീസണില്‍ 800ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത നാല് താരങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഗില്‍ മൂന്നാം സ്ഥാനത്താണ്. 900 കടന്ന ഏക താരം കോഹ് ലിയാണ്. 971 റണ്‍സ്. രണ്ടാമതുള്ള ബട്‌ലര്‍ ഒരു സീസണില്‍ 863 റണ്‍സ് നേടി. ഇന്ന് 13 റണ്‍സെടുത്താണ് ഗില്‍ ഈ പട്ടികയില്‍ ബട്‌ലറെ വെട്ടി രണ്ടാമതാകും. 848 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com