ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, അര്‍ധ ശതകങ്ങള്‍, 200ന് മുകളില്‍ സ്‌കോറുകള്‍... റെക്കോര്‍ഡുകളുടെ 'പെരുമഴ' പെയ്ത ഐപിഎല്‍ 

ബാറ്റിങിലും ബൗളിങിലുമെല്ലാം ഉജ്ജ്വല പ്രകടനങ്ങള്‍ ഇത്തവണയും കണ്ടു. മറ്റ് എഡിഷനുകളില്‍ നിന്നു വ്യത്യസ്തമായി നിരവധി റെക്കോര്‍ഡുകളും ഇത്തവണ പിറന്നു
വിജയം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ/ ട്വിറ്റർ
വിജയം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ/ ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്‍ 16ാം സീസണിന് സംഭവ ബഹുലമായ പരിസമാപ്തി. ചരിത്രത്തില്‍ ആദ്യമായി റിസര്‍വ് ദിനത്തില്‍ ഐപിഎല്‍ ഫൈനല്‍ നടന്നു എന്നതാണ് ഇത്തവണത്തെ കലാശപ്പോരിന്റെ സവിശേഷത. മഴയെ തുടര്‍ന്നു ഞയറാഴ്ച പൂര്‍ണമായും കളി തടസപ്പെട്ടപ്പോള്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം വീണ്ടും നടന്നു. 

ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവര്‍ തികച്ചു ബാറ്റ് ചെയ്തു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നു ഇറങ്ങിയതിനു പിന്നാലെ മഴ പെയ്തു. അവരുടെ ലക്ഷ്യം 15 ഓവറില്‍ 171 ആക്കി ചുരുക്കി. അഞ്ച് വിക്കറ്റിന് ലക്ഷ്യം മറികടന്ന് മഹേന്ദ്ര സിങ് ധോനിയുടെ സംഘവും അഞ്ചാം കിരീടമുയര്‍ത്തി റെക്കോര്‍ഡിനൊപ്പമെത്തി. 

ബാറ്റിങിലും ബൗളിങിലുമെല്ലാം ഉജ്ജ്വല പ്രകടനങ്ങള്‍ ഇത്തവണയും കണ്ടു. മറ്റ് എഡിഷനുകളില്‍ നിന്നു വ്യത്യസ്തമായി നിരവധി റെക്കോര്‍ഡുകളും ഇത്തവണ പിറന്നു. ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണാണിത്. ഇത്തവണ 12 സെഞ്ച്വറികളാണ് ആകെ പിറന്നത്. കഴിഞ്ഞ സീസണില്‍ എട്ടായിരുന്നു. 2016ല്‍ ഏഴ് സെഞ്ച്വറികളാണ് മൊത്തം പിറന്നത്. 

ഏറ്റവും കൂടതല്‍ അര്‍ധ സെഞ്ച്വറികള്‍ പിറന്നതും ഈ സീസണില്‍. 153 അര്‍ധ ശതകങ്ങള്‍ ഈ സീസണില്‍ താരങ്ങള്‍ അടിച്ചുകൂട്ടി. കഴിഞ്ഞ സീസണില്‍ ഇതിന്റെ എണ്ണം 118ആയിരുന്നു. 2016ല്‍ ഇത് 117ഉം. ഫാഫ് ഡുപ്ലെസി, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവരടക്കമുള്ള ചില താരങ്ങല്‍ സ്ഥിരതയുള്ള ബാറ്റിങ് പുറത്തെടുത്തു. റിങ്കു സിങ്, ഹെയ്ന്റിച് ക്ലാസന്‍ അടക്കമുള്ളവര്‍ തങ്ങളുടെ ഹിറ്റിങ് മികവുമായി അര്‍ധ സെഞ്ച്വറി അടിച്ച് കളം വാണു. 

200നു മുകളില്‍ ടീം ടോട്ടല്‍ ഉയര്‍ന്ന നിരവധി മത്സരങ്ങളും ഇത്തവണ കണ്ടു. ഏറ്റവും കൂടുതല്‍ 200 പ്ലസ് റണ്‍സ് ടീമുകള്‍ നേടിയ സീസണും ഇതുതന്നെ. ഇത്തവണ 37 തവണയാണ് സ്‌കോര്‍ 200 പിന്നിട്ടത്. കഴിഞ്ഞ സീസണില്‍ ഇതു വെറും 18 എണ്ണമായിരുന്നു. 2018ല്‍ 15 തവണ ടീമുകള്‍ 200 പ്ലസ് നേടി. പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയ 257 റണ്‍സാണ് ഒരു ടീമിന്റെ ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 

200നു മുകളില്‍ സ്‌കോര്‍ ചെയ്ത പോരാട്ടം ചെയ്‌സ് ചെയ്തു എതിര്‍ ടീം ഏറ്റവും കൂടുതല്‍ വിജയിച്ച സീസണും ഇതുതന്നെ. ഇത്തവണ എട്ട് മത്സരങ്ങള്‍ 200നു മുകളില്‍ എതിരാളി സ്‌കോര്‍ ചെയ്തിട്ടും അതു മറികടന്നു വിജയിക്കാന്‍ ടീമുകള്‍ക്ക് സാധിച്ചു. 2014ല്‍ മൂന്ന് ടീമുകളാണ് റണ്‍ മല താണ്ടി വിജയിച്ചത്. കഴിഞ്ഞ സീസണിലും 2010, 18 വര്‍ഷങ്ങളിലും രണ്ട് വിജയങ്ങള്‍. 2008, 12, 17, 19, 20, 21 വര്‍ഷങ്ങളില്‍ ഒരു തവണയുമായാണ് ഇത്തരം വിജയം. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളുടെ ആവറേജ് സ്‌കോറിങും റണ്‍ റേറ്റും ഇത്തവണ കുതിച്ചുകയറുന്ന കാഴ്ചയായിരുന്നു. ഇത്തവണത്തെ ആദ്യം ബാറ്റ് ചെയ്ത ടീമുകളുടെ ആവറേജ് ടോട്ടല്‍ 183 ആണ്. കഴിഞ്ഞ തവണ ഇത് 171ആയിരുന്നു. 2018ല്‍ 172ല്‍ എത്തിയിരുന്നു. 

ഇത്തവണത്തെ ടീമുകളെ റണ്‍ റേറ്റ് 8.99 ആയിരുന്നു. കഴിഞ്ഞ സീസണില്‍ 8.54ആയിരുന്നു ഇത്. 2018ല്‍ 8.65 ആയിരുന്നു റണ്‍ റേറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com