ലങ്കന്‍ പ്രതീക്ഷയും തീര്‍ന്നു; രണ്ടാം ജയത്തില്‍ ആശ്വസിച്ച് ബംഗ്ലാദേശ്

നജ്മുല്‍ ഹുസൈന്‍ ഷാന്റോ (90), ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ (82) എന്നിവരുടെ മികച്ച ബാറ്റിങാണ് ബംഗ്ലാ ജയം ഉറപ്പിച്ചത്
ഷാകിബ്- ഷാന്റോ സഖ്യം/ പിടിഐ
ഷാകിബ്- ഷാന്റോ സഖ്യം/ പിടിഐ

ന്യൂഡല്‍ഹി: ആവേശം അവസാന നിമിഷം വരെ കണ്ട പോരില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിനു വീഴ്ത്തി ബംഗ്ലാദേശ്. ശ്രീലങ്ക മുന്നില്‍ വച്ച 280 റണ്‍സ് വിജയ ലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് ബംഗ്ലാദേശ് അടിച്ചെടുത്തു. 

നജ്മുല്‍ ഹുസൈന്‍ ഷാന്റോ (90), ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ (82) എന്നിവരുടെ മികച്ച ബാറ്റിങാണ് ബംഗ്ലാ ജയം ഉറപ്പിച്ചത്. രണ്ട് പേര്‍ക്കും അര്‍ഹിച്ച സെഞ്ച്വറിയടിക്കാന്‍ സാധിച്ചില്ലെന്നു മാത്രം. ഇരുവരും 12 ഫോറുകള്‍ തൂക്കി. ഷാകിബ് രണ്ട് സിക്‌സുകളും പറത്തി. വാലറ്റത്ത് മെഹിദി ഹസന്‍ മിറസ് രണ്ട് സിക്‌സുകളടക്കം 7 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. 6 പന്തില്‍ 9 റണ്‍സുമായി വിജയ റണ്‍സ് ഫോറടിച്ച് നേടി തന്‍സിം ഹസന്‍ ഷാകിബും പുറത്താകാതെ നിന്നു. 

ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 

നേരത്തെ, ആഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ കണ്ട പോരാട്ടത്തില്‍ ശ്രീലങ്കയെ 279 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ബംഗ്ലാദേശ്. അവര്‍ക്ക് ജയിക്കാന്‍ 280 റണ്‍സ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ചരിത് അസലങ്കയുടെ സമയോചിത സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 105 പന്തുകള്‍ നേരിട്ട് ആറ് ഫോറും അഞ്ച് സിക്സും സഹിതം അസലങ്ക 108 റണ്‍സുകള്‍ നേടി. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. ഓപ്പണര്‍ പതും നിസ്സങ്ക, സദീര സമരവിക്രമ (41 റണ്‍സ് വീതം), ധനഞ്ജയ ഡി സില്‍വ (34), മഹീഷ് തീക്ഷണ (22) എന്നിവരുടെ ചെറുത്തു നില്‍പ്പും ശ്രീലങ്കയെ രക്ഷപ്പെടുത്തി. 

ആഞ്ചലോ മാത്യൂസിന്റെ നിര്‍ണായക വിക്കറ്റ് ഒരു അധ്വാനവുമില്ലാതെ ബംഗ്ലാദേശ് നേടിയതാണ് ഹൈലൈറ്റ്. താരം ക്രീസിലെത്താന്‍ വൈകിയതോടെ ബംഗ്ലാ നായകന്‍ ടൈംഡ് ഔട്ട് നിയമം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. മാത്യൂസ് ബാറ്റിങിനായി വാദിച്ചെങ്കിലും ഷാകിബ് തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ല. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ക്രീസില്‍ ഇറങ്ങാതെ ടൈംഡ് ഔട്ടാകുന്ന താരമായി മാത്യൂസ് മാറി. 

ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാകിബ് മൂന്ന് വിക്കറ്റുകള്‍ നേടി. ഷാകിബ് അല്‍ ഹസന്‍, ഷൊരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റുകളും മെഹിദി ഹസന്‍ ഒരു വിക്കറ്റുമെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com