

സിഡ്നി: ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം താൻ പരിശീലകൻ ആൻഡ്രു മക്ഡൊണാൾഡിനെ അറിയിച്ചിരുന്നുവെന്നു വെളിപ്പെടുത്തി ഓസ്ട്രേലിയൻ സ്പിന്നർ നതാൻ ലിയോൺ. ലോകകപ്പിനായി ഇന്ത്യയിലേക്ക് പറക്കാൻ താൻ ഒരുക്കമായിരുന്നു. ഇക്കാര്യം താൻ പരിശീലകനെ സന്ദേശത്തിലൂടെ അറിയിച്ചെന്നും ലിയോൺ വെളിപ്പെടുത്തി.
ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന സ്പിന്നർ ആഷ്ടൻ ആഗർ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ പകരക്കാരനായി മറ്റൊരു സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ ആഗറിനു പകരം മർനസ് ലബുഷെയ്നിനെയാണ് ഓസ്ട്രേലിയ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. നിലവിൽ ആദം സാംപ മാത്രമാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ.
ആഗർ പുറത്തായ ഘട്ടത്തിലാണ് ലിയോൺ കോച്ചിനു താൻ പത്തോവർ എറിയാൻ തയ്യാറാണെന്നു വ്യക്തമാക്കി ഫോണിൽ സന്ദേശമയച്ചത്. ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റ ലിയോൺ നിലവിൽ വിശ്രമത്തിലാണ്.
'ആഷ്ടൻ ആഗർ പുറത്തായപ്പോൾ ഞാൻ ആൻഡ്രു മക്ഡൊണാൾഡിനു ഒരു സന്ദേശമയച്ചിരുന്നു. ഞാൻ പത്തോവർ എറിയാൻ സന്നദ്ധനാണെന്നു അതിൽ വ്യക്തമാക്കി. കളിക്കാൻ 100 ശതമാനം ഫിറ്റാണെന്നും അറിയിച്ചു.'
'ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ പൂർണമായി സമർപ്പിക്കാനും ഞാൻ തയ്യാറാണെന്നു വ്യക്തമാക്കി. എങ്കിലും നിലവിലെ ടീം മികച്ചതാണ്'- ലിയോൺ വ്യക്തമാക്കി.
തന്റെ ലോകകപ്പ് ടീം പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു സ്പിന്നർ കൂടി ടീമിൽ വേണ്ടതായിരുന്നുവെന്ന പരോക്ഷ വിമർശനവും താരം ഉന്നയിക്കുന്നു. എങ്കിലും നിലവിലെ ടീം പോരായ്മകൾ പരിഹരിച്ചു മികവു പുലർത്തുമെന്ന പ്രതീക്ഷയും താരം പങ്കിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates