നാല് കളികള്‍, കണക്കിലെ ഓസ്‌ട്രേലിയ; സെമി കാണാന്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ മാത്രം പോര

നെതര്‍ലന്‍ഡ്‌സിനോടും ശ്രീലങ്കക്കെതിരെ റെക്കോര്‍ഡ് ചെയ്‌സിങ് ജയവുമായി ആത്മവിശ്വാസത്തോടെയാണ് പാക് ടീം തുടങ്ങിയത്
പാക് ക്യാപ്റ്റൻ ബാബർ അസം/ പിടിഐ
പാക് ക്യാപ്റ്റൻ ബാബർ അസം/ പിടിഐ

ചെന്നൈ: തുടര്‍ച്ചയായി രണ്ട് വിജയങ്ങളുമായി ലോകകപ്പ് തുടങ്ങിയ പാകിസ്ഥാനെ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്നു. ഇതോടെ അവരുടെ ലോകകപ്പിലെ നിലനില്‍പ്പു തന്നെ ത്രിശങ്കുവിലായി. 

നെതര്‍ലന്‍ഡ്‌സിനോടും ശ്രീലങ്കക്കെതിരെ റെക്കോര്‍ഡ് ചെയ്‌സിങ് ജയവുമായി ആത്മവിശ്വാസത്തോടെയാണ് പാക് ടീം തുടങ്ങിയത്. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ തോല്‍വി അവര്‍ക്ക് ഉള്‍ക്കൊള്ളാനും സാധിച്ചു. എന്നാല്‍ അഫ്ഗാനിസ്ഥാനോടേറ്റ അട്ടിമറി പരാജയം അവരെ അടിമുടി ഉലച്ചു. 

ഇനി നാല് മത്സരങ്ങളാണ് പാകിസ്ഥാനു ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത്. നാളെ ദക്ഷിണാഫ്രിക്കയുമായാണ് അവരുടെ അടുത്ത പോരാട്ടം. അതു കഴിഞ്ഞാല്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയും മത്സരങ്ങളുണ്ട്. അവരുടെ സെമി സാധ്യതകള്‍ നിലനില്‍ക്കാന്‍ നാലിലും ജയം അനിവാര്യം. 

ഓസ്‌ട്രേലിയ നിര്‍ണായകം

ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചത് പാകിസ്ഥാന് ഇനിയുള്ള നാലിലും മികച്ച വിജയം അനിവാര്യമാക്കി. നാല് കളികളും ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റുകളാകും. ഓസ്‌ട്രേലിയ എല്ലാ കളികളും ജയിച്ചാല്‍ ഈ 12 പോയിന്റുകള്‍ പാകിസ്ഥാന്റെ രക്ഷക്കെത്തില്ല. പാകിസ്ഥാനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിലേക്ക് കയറും. 

ഇനിയുള്ള നാലില്‍ മൂന്ന് മത്സരങ്ങളാണ് പാകിസ്ഥാന്‍ ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് പത്ത് പോയിന്റ്. ഈ ഘട്ടത്തിലും ഓസ്‌ട്രേലിയയുടെ മത്സര ഫലമാണ് നിര്‍ണായകം. ഓസ്‌ട്രേലിയ ഇനിയുള്ള നാലില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക.

നാലില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് പാകിസ്ഥാന്‍ ജയിക്കുന്നതെങ്കില്‍ എട്ട് പോയിന്റുകളാകും അവര്‍ക്ക്. നേരിയ സാധ്യത പോലും അവശേഷിക്കുന്നില്ല അപ്പോള്‍. മറ്റ് ടീമുകളുടെ ഫലം അത്ഭുതങ്ങള്‍ സംഭവിച്ച് മാറിമറിഞ്ഞാല്‍ ഒരു പക്ഷേ പാകിസ്ഥാനു സാധ്യതയുണ്ട്. വിദൂരമായൊരു സാധ്യത മാത്രമാണിത്. എങ്കിലും അനിര്‍വചനീയതയാണല്ലോ ക്രിക്കറ്റിന്റെ ആവേശം. 

2019ലെ ഐപിഎല്ലില്‍ വിദൂര സാധ്യത മാത്രമുണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതു ഓര്‍ക്കേണ്ടതുണ്ട്. അന്നു ആറ് വിജയങ്ങള്‍ മാത്രമുള്ള അവര്‍ 12 പോയിന്റോടെ പ്ലേ ഓഫിലേക്ക് മുന്നേറി. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും അവരെ അമ്പരപ്പിക്കുന്ന മുന്നേറ്റത്തിനു പ്രാപ്തരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com