എലൈറ്റ് ക്ലബിലെത്താന്‍ ഹിറ്റ്മാന്‍: സച്ചിനെ മറികടന്നു, ധോനിക്കൊപ്പം ഇടം നേടാന്‍ രോഹിത് ശര്‍മ്മ

ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ
രോഹിത് ശര്‍മ്മ, എം എസ് ധോണി
രോഹിത് ശര്‍മ്മ, എം എസ് ധോണി

ലഖ്‌നൗ: ലോകകപ്പില്‍  ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ മത്സരം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറെ അഭിമാന മത്സരമാണ്. ക്യാപ്റ്റനായിരിക്കെ ഇന്ത്യക്ക് മൂന്ന് ഐസിസി ജയങ്ങള്‍ നല്‍കിയ മുന്‍ നായകന്‍ എംഎസ് ധോനിയുള്‍പ്പെടുന്ന എലൈറ്റ് ക്ലബിലേക്കാണ് ഹിറ്റ്മാന്‍ എത്തുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെയിറങ്ങുമ്പോള്‍ 100 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന നായകന്‍മാരുടെ പട്ടികയിലേക്കാണ് രോഹിത് എത്തുന്നത്. 

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് രോഹിത്. പട്ടികയില്‍ 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിയാണ് മുന്നില്‍. 221 മത്സരങ്ങളില്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാമന്‍. പട്ടികയില്‍ 213 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ തൊപ്പിയണിഞ്ഞ വിരാട് കോഹ്‌ലിയുമുണ്ട്. സൗരവ് ഗാംഗുലി(196), കപില്‍ ദേവ്(108),രാഹുല്‍ ദ്രാവിഡ്(104) എന്നിവര്‍ക്ക് പിന്നിലാണ് 100 മത്സരങ്ങളുമായി രോഹിത് ഇടം പിടിച്ചത്. കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകന്‍മാരുടെ പട്ടികയില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ രോഹിത് മറികടന്നിരുന്നു. സച്ചിന് ആകെ 98 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിനെ നയിക്കാനായത്. 

2017 ലാണ് രോഹിത് ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്ക് എത്തുന്നത്. വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്കെത്തിയതോടെയായിരുന്നു ഇത്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ടി20യിലും ഏകദിനങ്ങളിലും രോഹിത് ടീമിനെ നയിച്ചു. 2021 ല്‍ ലാണ് രോഹിത് ഈ ഫോര്‍മാറ്റുകളില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായത്. 2021 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീം വൈസ് ക്യാപറ്റന്‍ പദവിയും താരത്തെ തേടി എത്തി. എന്നാല്‍ ഈ പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് പുറത്തിരിക്കേണ്ടി വന്നു. പിന്നീട് കോഹ്‌ലി നായകപദവിയില്‍ നിന്നിറങ്ങിയപ്പോള്‍ രോഹിത് ആ സ്ഥാനത്തേക്കെത്തി. 2022 ഫെബ്രുവരി മുതല്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി രോഹിത്. രോഹിത്തിന് കീഴില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളും 29 ഏകദിന മത്സരങ്ങളും 39 ടി20 കളും ഇന്ത്യ വിജയിച്ചു. 

അതേസമയം ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ.ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ അശ്വിന്‍ ഇന്ന് കളത്തിലിറങ്ങിയേക്കും. അങ്ങനെയെങ്കില്‍ പേസര്‍മാരില്‍ ഒരാളെ ഒഴിവാക്കാനാണ് സാധ്യത. സൂര്യകുമാര്‍ യാദവ് ഇന്നും കളിച്ചേക്കും.ലഖ്‌നൗവില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com