

സെഞ്ചൂറിയന്‍: ബാറ്റിങ് റെക്കോര്‍ഡുകളുടെ പെരുമഴ കണ്ട ഉജ്ജ്വല പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ താരം ഹെയ്ന്റിച് ക്ലാസന്റെ കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള സെഞ്ച്വറിയും ടിപ്പിക്കല്‍ ഡേവിഡ് മില്ലര്‍ വെടിക്കെട്ടുമാണ് ഈ പോരാട്ടത്തെ ത്രില്ലടിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഓസീസിനു മുന്നില്‍ വച്ചത് റണ്‍ മല. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 416 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടി പറയാനിറങ്ങിയ ഓസീസിന്റെ പോരാട്ടം 34.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.
വെറും 83 പന്തില്‍ 13 വീതം സിക്‌സും ഫോറും സഹിതം ക്ലാസന്‍ അടിച്ചെടുത്തത് 174 റണ്‍സ്! ക്ലാസനു കൂട്ടായി മറുഭാഗത്ത് തച്ചുതകര്‍ത്ത മില്ലര്‍ 45 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 82 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഇരുവര്‍ക്കും പുറമെ ക്വിന്റന്‍ ഡി കോക്ക് (45), റസ്സി വാന്‍ ഡെര്‍ ഡുസന്‍ (62) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35ാം ഓവറിന്റെ നാലാം പന്തില്‍ പ്രോട്ടീസ് താരം വാന്‍ ഡെര്‍ ഡുസന്‍ പുറത്താകുമ്പോള്‍ അവരുടെ ബോര്‍ഡില്‍ 194 റണ്‍സായിരുന്നു. പിന്നീടുള്ള 15 ഓവറില്‍ നടന്നത് ഓസീസ് ബൗളിങ് നിരയുടെ കശാപ്പായിരുന്നു.
ക്ലാസന്‍- മില്ലര്‍ സംഖ്യം പിന്നീട് ബോര്‍ഡില്‍ ചേര്‍ത്തത് 222 റണ്‍സ്. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ക്ലാസന്‍ മടങ്ങിയത്. 90 പന്തുകള്‍ക്കിടെ കണ്ട ഈ മാലപ്പടക്ക സമാന കൂട്ടപ്പൊരിച്ചിലിനും അവിടെ തിരശ്ശീല വീണു.
ഓസീസ് നിരയില്‍ ദയനീയ ബൗളിങ് ആദം സാംപയുടേതായിരുന്നു. പത്തോവറില്‍ താരം വഴങ്ങിയത് 113 റണ്‍സ്! ഒന്‍പത് സിക്‌സുകളാണ് താരം വഴങ്ങിയത്. മിച്ചല്‍ നെസര്‍ മാത്രമാണ് ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ ഏക ബൗളര്‍. ബാക്കി എല്ലാവരും ക്ലാസന്‍, മില്ലര്‍ കൂട്ടിന്റെ ചൂടറിഞ്ഞു.
വിജയം തേടി ഇറങ്ങിയ ഓസീസിനായി അലക്‌സ് കാരി 99 റണ്‍സുമായും ടിം ഡേവിഡ് 35 റണ്‍സെടുത്തും ചെറുത്തു നിന്നു. മറ്റൊരാളും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം പുറത്തെടുത്തില്ല.
ദക്ഷിണാഫ്രിക്കക്കായി ലുന്‍ഗി എന്‍ഗിഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മാര്‍ക്കോ ജെന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
റെക്കോര്‍ഡുകളുടെ കുത്തൊഴുക്ക്
* അഞ്ചാം സ്ഥാനത്ത് ബാറ്റിങിനു ഇറങ്ങി ഏകദിനത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറായി ഈ പ്രകടനം മാറി. 1983 ലോകകപ്പിൽ സിംബാബ്‍വെക്കെതിരെ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ് നേടിയ 175 റൺസാണ്ഒന്നാം സ്ഥാനത്ത്.
* 57 പന്തിലാണ് ക്ലാസന്റെ സെഞ്ച്വറി. 77 പന്തില്‍ 150. ഏറ്റവും വേഗതയിലുള്ള നാലാമത്തെ 150 റണ്‍സാണിത്.
* 25ാം ഓവറിലോ അതിനു ശേഷമോ ബാറ്റിങിനെത്തുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി ഈ പ്രകടനം മാറി. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ എബി ഡിവില്ല്യേഴ്‌സും നെതര്‍ലന്‍ഡ്‌സിനെതിരെ ജോസ് ബ്ടലറും നേടിയ 162 റണ്‍സാണ് ക്ലാസന്‍ വഴി മാറ്റിയത്.
* ക്ലാസന്‍- മില്ലര്‍ കൂട്ടുകെട്ട് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓരോ ഓവറിലും അവര്‍ നേടിയ റണ്‍സിന്റെ ശരാശരിയും റെക്കോര്‍ഡായി. 200നു മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം 14.47 റണ്‍ റേറ്റാണ് കാത്തത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലറും മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ചേര്‍ന്നു ഓരോ ഓവറിലും സൃഷ്ടിച്ച 10.03 റണ്‍സിന്റെ ശരാശരിയാണ് പഴങ്കഥയായത്.
* ഓസീസ് ബൗളര്‍ ആദം സാംപ ഈ മത്സരത്തില്‍ 113 റണ്‍സാണ് വഴങ്ങിയത് ഇതും റെക്കോര്‍ഡായി. ഏകദിന ലോകകപ്പില്‍ ഒരു താരം വഴങ്ങുന്ന ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 2006ല്‍ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ദക്ഷിണാഫ്രിക്ക- ഓസീസ് മത്സരത്തില്‍ മൈക്ക് ലൂയിസ് സമാന രീതിയില്‍ റണ്‍സ് വഴങ്ങിയത്. അന്ന് ഓസീസ് 434 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സെടുത്തു മത്സരം ചെയ്‌സ് ചെയ്തു പിടിച്ചത് അമ്പരപ്പിച്ച കാഴ്ചയായിരുന്നു.
* അവസാന പത്തോവറില്‍ ക്ലാസന്‍- മില്ലര്‍ കരുത്തില്‍ ദക്ഷിണാഫ്രിക്ക ബോര്‍ഡില്‍ ചേര്‍ത്തത് 173 റണ്‍സ്. നെതര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് സ്ഥാപിച്ച 164 റണ്‍സിന്റെ റെക്കോര്‍ഡാണ് വഴി മാറിയത്.
* ഏഴാം തവണയാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ 400 കടക്കുന്നത്. ഏറ്റവും കൂടുതല്‍ 400 പ്ലസ് സ്‌കോര്‍ നേടിയ ടീമുകളുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഏഴ് തവണയാണ് ദക്ഷിണാഫ്രിക്ക 400നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇന്ത്യ ആറ് തവണ ഈ നേട്ടം സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates