ജാന്‍സണ് മുന്നില്‍ തകര്‍ന്നുവീണു; ഓസ്‌ട്രേലിയക്ക് വന്‍ തോല്‍വി; ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് 

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ  193 റണ്‍സിന് എല്ലാവരും പുറത്തായി
ദക്ഷിണാഫ്രിക്കൻ ടീം/ പിടിഐ
ദക്ഷിണാഫ്രിക്കൻ ടീം/ പിടിഐ

ജോഹന്നാസ് ബര്‍ഗ്: ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയക്ക് വന്‍തോല്‍വി. ഓസീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. അഞ്ചാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ 122 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകര്‍ത്തത്. 

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 34.1 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി. ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ ജാന്‍സന്റെ മാരക ബൗളിങ്ങാണ് ഓസീസ് ഇന്നിംഗ്‌സിനെ കടപുഴക്കിയത്. 

39 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് ജാന്‍സണ്‍ പിഴുതത്. ഡേവിഡ് വാര്‍ണര്‍, മാര്‍ഷ്, ലബുഷെയ്ന്‍, ഇംഗ്ലിസ്, അലക്‌സ് കാരി എന്നിവരാണ് ജാന്‍സനു മുന്നില്‍ കീഴടങ്ങിയത്. 39 റണ്‍സ് വിട്ടുനല്‍കിയാണ് ജാന്‍സന്റെ അഞ്ചു വിക്കറ്റ് നേട്ടം. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 315 റണ്‍സെടുത്തത്. 93 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമും 63 റണ്‍സെടുത്ത ഡേവിഡ് മില്ലറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 109 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 

24 ഓവറില്‍ നാലു വിക്കറ്റിന് 103 റണ്‍സ് എന്ന നിലയില്‍ പതറുമ്പോഴാണ് മാര്‍ക്രം- മില്ലര്‍ കൂട്ടുകെട്ട് പ്രോട്ടീസിനെ കരകയറ്റുന്നത്. പന്തുകൊണ്ട് ഓസീസിനെ കരയിച്ച ജാന്‍സണ്‍ ബാറ്റുകൊണ്ടും തിളങ്ങി. വാലറ്റത്ത് ജാന്‍സണും പെഹ്ലുവായോയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ്  സ്‌കോര്‍ 300 കടത്തിയത്. ജാന്‍സണ്‍ 29 പന്തില്‍ മൂന്നു സിക്‌സുകള്‍ സഹിതം 47 റണ്‍സെടുത്തു. 

പെഹ്ലുവായോ 19 പന്തില്‍ നാലു ബൗണ്ാടറി സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.  ആദ്യ രണ്ടു കളികളും തോറ്റ ശേഷമാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയത്. അവസാന മൂന്നു മത്സരങ്ങളും വിജയിച്ച് ബാവുമയും സംഘവും ഏകദിന പരമ്പരയും ട്രോഫിയും കരസ്ഥമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com