'എന്തുകൊണ്ട് രോഹിതും കോഹ്‍ലിയും കളിക്കുന്നില്ല, സൂര്യ കുമാർ യാദവ് ലോകകപ്പ് ടീമിൽ നിന്നു പുറത്താകുമോ?'- ദ്രാവിഡിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2023 08:20 PM  |  

Last Updated: 21st September 2023 08:20 PM  |   A+A-   |  

bcci

ഫോട്ടോ: ട്വിറ്റർ

 

മൊഹാലി: ലോകകപ്പിനു മുന്നോടിയായി ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കളിക്കുന്നില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിയ്ക്കുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് പോരിനും ടീമിനെ കെഎല്‍ രാഹുലാണ് നയിക്കുന്നത്. 

ഇരുവര്‍ക്കും വിശ്രമം അനുവദിച്ചതിന്റെ കാരണം വ്യക്തമാക്കുകയാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

'ലോകകപ്പിൽ വിരാടും രോഹിതും ഇന്ത്യയുടെ ഏറ്റവും നിർണായക താരങ്ങളാണ്. ഇത്രയും നിർണായക പോരിനായി ഇരുവരും ശാരീരികവും മാനസികവുമായ ഒരുങ്ങേണ്ടതുണ്ട്. അവരുടെ ഉള്ളിലെ പ്രതിഭയെ അവർ വിചാരിക്കുന്ന സ്ഥലത്ത് നിർത്തേണ്ടത് പരമ പ്രധാനമാണ്. അവർ ഫ്രഷായി ലോകകപ്പ് കളിക്കട്ടെ.' 

'എങ്ങനെ തയ്യാറെടുക്കണമെന്ന് തീർച്ചയായും അവർക്കറിയാം. ഇരുവർക്കും മാത്രമല്ല ടീമിലെ മറ്റെല്ലാ താരങ്ങൾക്കും സ്വയം ആ ബോധ്യമുണ്ട്. ശരിയായ മാനസിക അവസ്ഥയിൽ നിർണായക പോരിനു ഇറങ്ങേണ്ടത് എന്നു താരങ്ങൾക്ക് കൃത്യമായി തന്നെ അറിയാം. അതിനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്യേണ്ടത്.' 

'സൂര്യകുമാറും ശ്രേയസും ഫോമിലേക്ക് മടങ്ങിയെത്താൻ അതിയായി ആ​ഗ്രഹിക്കുന്നുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകേണ്ട കാര്യമേയുള്ളു. പരിക്കേറ്റ് ഏറെ നാൾ വിട്ടു നിന്ന ശേഷം ഫോമിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കമാണ് ശ്രേയസ് നടത്തുന്നത്. ഏകദിനത്തിലെ മോശം ഫോം ആരാധകരെ രോഷാകുലരാക്കിയതാണ് സൂര്യകുമാർ യാദവിനെ സംബന്ധിച്ച് സമ്മർദ്ദമുണ്ടാക്കുന്നത്'- ദ്രാവിഡ് പറഞ്ഞു. 

ഏഷ്യാ കപ്പിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സൂര്യകുമാർ ആ അവസരം തുലച്ചിരുന്നു. നിർണായക ഘട്ടത്തിൽ ഫോം പുറത്തെടുക്കാൻ താരത്തിനു സാധിച്ചില്ല. ഇതോടെ താരത്തെ ലോകകപ്പ് ടീമിൽ നിന്നു ഒഴിവാക്കുമെന്ന അഭ്യൂഹമുണ്ട്. ലോകകപ്പിനുള്ള അന്തിമ ടീമിനെ ഈ മാസം 28നുള്ളിൽ തീരുമാനിക്കണം. ഇക്കാര്യത്തിൽ സൂര്യകുമാർ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനു രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

'ഫോം സംബന്ധിച്ച്, മികവിലേക്ക് തിരിച്ചെത്തുന്നതിനുള്ള അവരുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ചു സൂര്യ അടക്കമുള്ളവരുമായി ഞങ്ങൾ നിരന്തരം ചർച്ച നടത്തുന്നുണ്ട്. വരുന്ന രണ്ട് മത്സരങ്ങൾ അവരെ സംബന്ധിച്ച് തയ്യാറെടുക്കാനുള്ള നിർണായക അവസരമാണ്. വരുന്ന മാസങ്ങൾ ടീമിനെ സംബന്ധിച്ചു വലിയ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടത്'- ദ്രാവിഡ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; നൂറിനുള്ളിൽ നിന്നു പുറത്ത്; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ