
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിനിടെ ആരാധകരില്‍ നിന്നു മോശം അനുഭവങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ ആരാധകരില്‍ നിന്നു ദുരനുഭവങ്ങള്‍ നേരിട്ടതായുള്ള റിപ്പോട്ടുകളാണ് വരുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാനായി കാണികള്‍ തടിച്ചു കൂടിയത് താരങ്ങളെ അസ്വസ്ഥരാക്കിയതാണ് റിപ്പോര്‍ട്ടുകള്‍.
ഏതാണ്ട് 3000ത്തിനു മുകളില്‍ ആരാധകര്‍ പരിശീലനം കാണാനായി തടിച്ചു കൂടിയിരുന്നു. എന്നാല്‍ ഇവരുടെ അതിരുവിട്ട പെരുമാറ്റം താരങ്ങള്‍ക്ക് ആലോസരമുണ്ടാക്കി. രണ്ടാം ടെസ്റ്റ് നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കാനിരിക്കെ, ടീമിന്‍റെ ഓപ്പണ്‍ നെറ്റ്‌സ് സെഷനാണ് അലങ്കോലമായത്. ഓസ്‌ട്രേലിയയുടെ പരിശീലനം കാണാന്‍ 100നു മുകളില്‍ ആരാധകരെ പ്രവേശിപ്പിച്ചില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.
താരങ്ങള്‍ പുറത്താകുമ്പോഴും പന്ത് നഷ്ടപ്പെടുമ്പോഴുമെല്ലാം ആരാധകര്‍ ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയതായും ബോഡി ഷെയ്മിങ് അടക്കം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങള്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ സെല്‍ഫിക്കായി ആരാധകര്‍ മുറവിളി കൂട്ടി. ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യുന്നതിനിടെ കാണികള്‍ ഒച്ചപ്പാടും ബഹളവമുണ്ടാക്കി താരങ്ങളുടെ ശ്രദ്ധ തെറ്റിച്ചതായും ഏകാഗ്രത നഷ്ടപ്പെടുത്തിയതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നു.
അടിമുടി അരാജകത്വം നിറഞ്ഞ പെരുമാറ്റമാണ് ആരാധകരില്‍ നിന്നുണ്ടായത്. ഇത്രയധികം ആളുകള്‍ പരിശീലനം കാണാന്‍ എത്തുമെന്നു പ്രതീക്ഷിച്ചില്ല. ഓസ്‌ട്രേലിയന്‍ പരിശീലനം കാണാന്‍ 70ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി. സംഭവങ്ങള്‍ക്കു പിന്നാലെ ഇന്ത്യയുടെ പരിശീലന സെഷനിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് ബിസിസിഐ നിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നാളെ മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ്. പകല്‍- രാത്രി പോരാട്ടമാണ് നടക്കുന്നത്. പിങ്ക് പന്തിലാണ് മത്സരം. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക