

മംഗലാപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി. ഝാർഖണ്ഡിനെതിരായ പോരാട്ടത്തിൽ കേരളം 105 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്സിൽ 153 റൺസിൻ്റെ ലീഡ് നേടിയ ശേഷമാണ് കേരളം മത്സരം കൈവിട്ടത്. 226 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റൺസിന് ഓൾ ഔട്ടായി.
ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് അവിശ്വസനീയമായ തകർച്ചയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ ഓം, നാല് വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. കേരള ബാറ്റർമാരിൽ ഒരാൾക്ക് പോലും പിടിച്ചു നിൽക്കാനായില്ല.
24 റൺസെടുത്ത ഓപ്പണർ രോഹിതാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ 23 റൺസ് നേടി. 120 റൺസിന് കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.
ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയിൽ നിന്ന് ഝാർഖണ്ഡിനെ വിജയത്തിലേക്ക് നയിച്ചതിൽ നിർണായകമായത് രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ബിശേഷ് ദത്ത നേടിയ 143 റൺസാണ്. വത്സൽ തിവാരി 92 റൺസും നേടിയിരുന്നു. ജയത്തിലൂടെ ഝാർഖണ്ഡ് 6 പോയിൻ്റുകൾ സ്വന്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates