ഹരാരെ: സിംബാബ്‌വെക്കെതിരായ ഒന്നാം ടി20യില്‍ അഫ്ഗാനിസ്ഥാന് ദയനീയ തോല്‍വി. നാല് വിക്കറ്റിന് തോറ്റ മത്സരത്തില്‍ ശ്രദ്ധേയമായതു അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന്റെ 15ാം ഓവര്‍. വൈഡും നോബോളുമായി താരം ഈ ഓവറില്‍ എറിഞ്ഞത് 13 പന്തുകള്‍!
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. സിംബാബ്‌വെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് അടിച്ചെടുത്തു.
സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ 15ാം ഓവര്‍ എറിയാനെത്തിയത് നവീന്‍ ഉള്‍ ഹഖ്. അപ്പോള്‍ 30 പന്തില്‍ 57 റണ്‍സാണ് സിംബാബ്‌വെക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത്.
നവീന്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ 1 റണ്‍. മൂന്നാം പന്ത് നോ ബോളും കൂടാതെ ഫോറും. അതോടെ വന്നത് 5 റണ്‍സ്. പിന്നീട് തുടരെ 4 പന്തുകള്‍ നവീന്‍ വൈഡ് തന്നെ എറിഞ്ഞു. അടുത്ത പന്തില്‍ ഫോര്‍ റണ്‍സ്. തൊട്ടടുത്ത പന്തില്‍ വിക്കറ്റ് വീഴ്ത്തി നവീന്‍ ആശ്വസിച്ചു. 10, 11 പന്തുകളില്‍ ഓരോ റണ്‍സ് വീതം. 12ാം പന്ത് വീണ്ടും വൈഡ്. ഒടുവില്‍ അവസാന പന്തില്‍ വീണ്ടും സിംഗിള്‍. ഈ ഒറ്റ ഓവറില്‍ അധികം അധ്വാനമില്ലാതെ 7 റണ്‍സ് സിംബാബ്‌വെയ്ക്ക് കിട്ടി. നവീന്‍ ഈ ഓവറില്‍ മൊത്തം 19 റണ്‍സ് വഴങ്ങി.
എങ്കിലും ഈ ഓവറിലെ ധാരാളിത്തം മാറ്റി നിര്‍ത്തിയാല്‍ മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി താരം തിളങ്ങി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക