ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന് ഗാബയില്‍ തുടക്കമായി. ടോസ് നേടി ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തു. നഥാന്‍ മക്സ്വീനി (4) ഉസ്മാന്‍ ഖ്വാജ (19) എന്നിവരാണ് ക്രീസില്‍.
മത്സരത്തിൽ മഴ വില്ലനാവുന്നുണ്ട്. മഴയെത്തുടര്‍ന്ന് രണ്ടുതവണ മത്സരം നിര്‍ത്തിവെക്കേണ്ടിയും വന്നു. രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റ് കളിക്കുന്നത്. രവിചന്ദ്രൻ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹർഷിത് റാണയ്‌ക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. സ്കോട് ബോളണ്ടിനു പകരം ജോഷ് ഹെയ്സൽവുഡ് ടീമിലേക്ക് തിരിച്ചെത്തി. പ രിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ ജോഷ് കളിച്ചിരുന്നില്ല.
ജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ മൂന്നാം ടെസ്റ്റിൽ കളിക്കാനിറങ്ങിയിരിക്കുന്നത്. പെര്‍ത്തിലെ വലിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റിനു ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ച് വന്‍ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുറപ്പിക്കാന്‍ ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്.
ബാറ്റിങിലെ പാളിച്ചകളാണ് ഇന്ത്യയെ കൂടുതല്‍ വേവലാതി ആക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചെങ്കിലും തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങിയിട്ടും സമീപ കാലത്ത് മികച്ച പ്രകടനം രോഹിതില്‍ നിന്നു വന്നിട്ടില്ല. പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയെങ്കിലും കോഹ്‌ലിയും ഫോമിലല്ല. ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്തില്‍ ബാറ്റ് വയ്ക്കുന്ന പതിവ് ഇപ്പോഴും താരം തുടരുന്നുണ്ട്. സൂപ്പര്‍ താരവും ഒരു തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രണ്ടുതവണമാത്രമേ ഗാബയിലെ ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയ തോല്‍വിയറിഞ്ഞിട്ടുള്ളൂ. 2021ല്‍ ഗാബയില്‍ ഓസ്ട്രേലിയയെ ഗാബയിൽ കീഴടക്കിയെന്നത് ഇന്ത്യയുടെ പ്രതീക്ഷയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക