ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകരും ക്രിക്കറ്റ് പണ്ഡിതരും മുന്‍ താരങ്ങളും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൈയിലിരുന്ന മത്സരം ക്യാപ്റ്റന്റെ ഭാവനാ ശൂന്യത കൊണ്ടു ഓസീസിന്റെ കൈയിൽ വച്ച അവസ്ഥയാക്കിയെന്നാണ് വിമർശനം ഉയരുന്നത്. ട്രാവിസ് ഹെഡ്- സ്റ്റീവ് സ്മിത്ത് സഖ്യം നിലയുറപ്പിച്ചതോടെയാണ് വന്‍ വിമര്‍ശനം ക്യാപ്റ്റനെതിരെ ഉയര്‍ന്നത്.
ട്രാവിസ് ഹെഡ് ഒരിക്കല്‍ കൂടി ഇന്ത്യക്കെതിരെ ബാറ്റിങ് മികവിന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു. തുടരെ രണ്ടാം ടെസ്റ്റിലും താരം സെഞ്ച്വറിയടിച്ചു. സമീപ കാലത്തൊന്നും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കാതിരുന്ന സ്റ്റീവ് സ്മിത്തും ശതകവുമായി ഒരറ്റത്ത് നിലയുറപ്പിച്ചു. തുടക്കത്തില്‍ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്മിത്ത് ക്ഷമയോടെ ക്രീസില്‍ നിന്നാണ് ഫോം വീണ്ടെടുത്ത് സെഞ്ച്വറിയിലെത്തിയത്.
ഫീല്‍ഡര്‍മാരെ ഉപയോഗിക്കാനറിയാതെ, ബൗളിങ് മാറ്റത്തിലൂടെ കളി അനുകൂലമാക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാതെ, വ്യക്തമായ ഗെയിം പ്ലാനില്ലാതെ രോഹിത് ഹതാശനായി നില്‍ക്കുന്ന കാഴ്ച ദയനീയമാണെന്നു ആരാധകര്‍ കടുത്ത വിമര്‍ശനം നടത്തുന്നു. ക്യാപ്റ്റന്റെ ശരീര ഭാഷ തന്നെ അങ്ങേയറ്റത്തെ നിസഹായവസ്ഥ കാണിക്കുന്നതാണെന്നും ആരാധകര്‍. മുന്‍ താരങ്ങളും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അതൃപ്തി പറഞ്ഞു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേലെ രണ്ടാം ദിനത്തിലെ രണ്ടാം സെഷന്‍ മുതല്‍ സ്മിത്തും ഹെഡും ആധിപത്യം സ്ഥാപിച്ചു. ഒരു പഴുതും അനുവദിക്കാതെ അവര്‍ കളം വാണു. ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായാണ് അവര്‍ ഇന്ത്യക്ക് മുന്നില്‍ മഹാമേരുവായി നിന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക