ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. അവസാന വിക്കറ്റില്‍ പൊരുതി നിന്ന ജസ്പ്രിത് ബുംറ- ആകാശ് ദീപ് സഖ്യത്തിന്റെ ബാറ്റിങാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ ഇതോടെ തുറന്നു കിട്ടി.
ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയപ്പോള്‍ ഡ്രസിങ് റൂമിനു പുറത്തെ ഇന്ത്യന്‍ ടീമിന്റെ ആഘോഷവും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരുടെ ആഘോഷമാണ് ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പിരിയാത്ത പത്താം വിക്കറ്റില്‍ ബുംറ- ആകാശ് സഖ്യം 39 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുയര്‍ത്തിയാണ് പ്രതിരോധം തീര്‍ത്തത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുവരും പുറത്താകാതെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യ നിലവില്‍ 193 റണ്‍സ് പിന്നിലാണ്. 27 റണ്‍സുമായി ആകാശ് ദീപും 10 റണ്‍സുമായി ബുംറയും നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക