ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ ക്രിക്കറ്റ്പ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ അശ്വിന്റെ വിരമിക്കലിൽ ഞെട്ടിക്കുന്ന പ്രസ്താവനയുമായി പിതാവ് രവിചന്ദ്രൻ രംഗത്തെത്തി. മകൻ ടീമിൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രവിചന്ദ്രന്റെ വാക്കുകൾ വലിയ ചർച്ചയായതോടെ വിശദീകരണവുമായി അശ്വിൻ തന്നെ രംഗത്തെത്തി.
‘വിരമിക്കൽ എന്നത് അശ്വിന്റെ സ്വന്തം തീരുമാനമാണ്. ഞാൻ അതിൽ ഇടപെടില്ല. എന്നാൽ അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തതിൽ പല കാരണങ്ങളും ഉണ്ടായിരിക്കാം. ചിലപ്പോൾ അദ്ദേഹം അപമാനിതനായിട്ടുണ്ടാകും. 14–15 വർഷത്തോളമായി അശ്വിന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിന് ഒരു വൈകാരിക നിമിഷമാണ്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിലുള്ള ഞെട്ടൽ കുടുംബത്തിലുണ്ട്. ഒരു തരത്തിൽ പറഞ്ഞാല്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. കാരണം അവൻ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര കാലം അദ്ദേഹത്തിന് ഇത് സഹിക്കാൻ സാധിക്കും?- രവിചന്ദ്രൻ പറഞ്ഞു.
പിതാവിന്റെ ആരോപണം വൻ ചർച്ചയായതോടെയാണ് വിശദീകരണവുമായി അശ്വിൻ രംഗത്തെത്തിയത്. മാധ്യമങ്ങളുമായി അത്ര പരിചയമില്ലാത്ത വ്യക്തിയാണ് എന്റെ അച്ഛൻ. നിങ്ങൾ അച്ഛന്റെ പ്രസ്താവന തേടിപ്പോകുന്ന പാരമ്പര്യം പിന്തുടരുമെന്ന് ഞാൻ വിചാരിച്ചില്ല. അദ്ദേഹത്തോട് ക്ഷമിക്കണമെന്നും അച്ഛനെ വെറുതെ വിടണമെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്.- അശ്വിൻ എക്സിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക