ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി ആഴ്‌സണല്‍. എവേ പോരില്‍ അവര്‍ ക്രിസ്റ്റല്‍ പാലസിനെ 1-5നു തകര്‍ത്തു. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ അഞ്ച് ഗോളുകളടിച്ച് മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും നിലവിലെ കിരീട ജേതാക്കളായ ബയര്‍ ലെവര്‍കൂസനും. ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി ഒന്നാം സ്ഥാനം അറ്റ്‌ലാന്റയില്‍ നിന്നു തിരിച്ചു പിടിച്ചു.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വലയിലിട്ടാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് കയറി തകര്‍ത്തത്. കൗണ്ടര്‍ അറ്റാക്കിലൂടെ കാറ്റലന്‍ പടയെ മെരുക്കാമെന്ന ഡിഗോ സിമിയോണിയുടെ തന്ത്രം കൃത്യമായി ഫലം കണ്ടു. പെഡ്രിയുടെ ഗോളില്‍ ആദ്യ പകുതിയില്‍ ബാഴ്‌സ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ ബാഴ്‌സ അത്‌ലറ്റിക്കോ വലയിലിടാന്‍ നോക്കിയെങ്കിലും യാന്‍ ഒബ്ലാക്കിന്റെ വിശ്വസ്ത കരങ്ങള്‍ അവര്‍ക്ക് തടസമായി. അത്‌ലറ്റിക്കോ നേടിയ രണ്ട് ഗോളുകളും കൗണ്ടറില്‍ നിന്നായിരുന്നു. 60ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളും കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ പകരക്കാരനായി എത്തിയ അലക്‌സാണ്ടര്‍ സോര്‍ലോതുമാണ് അത്‌ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ അത്‌ലറ്റിക്കോ 41 പോയിന്റുമായി തലപ്പത്ത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സലോണ 38 പോയിന്റുമായി രണ്ടാമത്.
മിന്നും ഫോമില്‍ പന്ത് തട്ടുന്ന ഗബ്രിയേല്‍ ജെസ്യൂസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് ഗണ്ണേഴ്‌സ് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത്. കയ് ഹവെര്‍ട്‌സ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഡെക്ലന്‍ റൈസ് എന്നിവരാണ് ആഴ്‌സണലിനായി വല ചലിപ്പിച്ചത്. ന്യൂകാസില്‍ യുനൈറ്റഡ്, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകളും വിജയിച്ചു കയറി. ന്യൂകാസില്‍ 0-4ന് ഇപ്‌സ്‌വിച് ടൗണിനെ തകര്‍ത്തു. നോട്ടിങ്ഹാം ഫോറസ്റ്റ് 0-2നു ബ്രെന്‍ഡ്‌ഫോര്‍ഡിനെ വീഴ്ത്തി.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കും ബയര്‍ ലെവര്‍കൂസനും അഞ്ച് ഗോള്‍ വീതം നേടി ജയത്തോടെ ഈ 2024ലെ അവസാന പോരാട്ടം അവിസ്മരണീയമാക്കി. ബയേണ്‍ 5-1നു ആര്‍ബി ലെയ്പ്‌സിഗിനെ വീഴ്ത്തി. ലെവര്‍കൂസന്‍ 5-1നു ഫ്രീബര്‍ഗിനേയും പരാജയപ്പെടുത്തു. ജമാല്‍ മുസിലായ, കൊണാര്‍ഡ് ലെയ്മര്‍, ജോഷ്വ കിമ്മിച്, ലിറോയ് സനെ, അല്‍ഫോണ്‍സോ ഡേവിസ് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. ലെവര്‍കൂസന്‍ വലയിലിട്ട അഞ്ചില്‍ നാല് ഗോളുകളും പാട്രിക്ക് ഷീക്കിന്റെ വകയായിരുന്നു. ശേഷിച്ച ഒരു ഗോള്‍ ഫ്‌ളോറിയന്‍ വിയറ്റ്‌സ് നേടി.
ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി, ലാസിയോ, മിലാന്‍ ടീമുകള്‍ ജയിച്ചു കയറി. നാപ്പോളി 1-2നു ജെനോവയെ വീഴ്ത്തി. ലാസിയോ ഇതേ സ്‌കോറിനു ലെസ്‌ക്കയെ പരാജയപ്പെടുത്തി. എസി മിലാന്‍ ഒറ്റ ഗോളിനു വെറോണയെ കീഴടക്കി. ജയത്തോടെ നാപ്പോളി ഒന്നാം സ്ഥാനം തിരികെ പിടിച്ചു.
ഫ്രഞ്ച് ലീഗ് വണില്‍ ഒരു മത്സരവും തോല്‍ക്കാതെയുള്ള മുന്നേറ്റം പിഎസ്ജി തുടരുന്നു. കരുത്തരായ മൊണാക്കോയെ പിഎസ്ജി എവേ പോരില്‍ വീഴ്ത്തി. ഒരു ഗോളിനു മുന്നില്‍ നിന്ന പിഎസ്ജി പിന്നീട് രണ്ട് ഗോള്‍ വഴങ്ങി. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചടിച്ച അവര്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ കൂടി നേടിയാണ് വിജയം പിടിച്ചത്. ഒസ്മാന്‍ ഡെംബലെ ഇരട്ട ഗോളുകള്‍ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക