റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനിയുടെ റാഞ്ചിയിലെ വീട് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് പരാതി. ധോനിയുടെ ഹാര്‍മു ഹൗസിങ് കോളനിയിലെ വീടിനെതിരെയുള്ള ആരോപണത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാന ഭവന ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ധോനിക്ക് നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഹാര്‍മു ഹൗസിങ് കോളനിയില്‍ ധോനിക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അഞ്ച് കറ്റാ ഭൂമി ഇഷ്ടദാനമായി അനുവദിച്ചിരുന്നു. ഈ സ്ഥലത്ത് താരം ആഡംബര വീട് പണിതു. എന്നാല്‍ പിന്നീട് റാഞ്ചി സിമാലിയയിലെ ഫാംഹൗസിലേക്ക് ധോനി താമസം മാറ്റിയിരുന്നു.
ധോനിയുടെ ഉടമസ്ഥതയിലുള്ള വീട് നിയമങ്ങള്‍ തെറ്റിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ഭവന ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് ലാല്‍ പാസ്വാന്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍, ധോനിക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ധോനിയുടെ ഉടമസ്ഥയിലുള്ള വീട്ടില്‍ സ്വകാര്യ ലാബ് തുടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാപനത്തിന്റെ സൈന്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ ഉപയോഗിച്ചതിന് ഏകദേശം 300ളം വസ്തു ഉടമകള്‍ക്ക് ഭവന ബോര്‍ഡ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക