വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിലും പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചെടുത്തു.
ഹര്‍ലീന്‍ ഡിയോള്‍ നേടിയ കന്നി സെഞ്ച്വറിയാണ് മത്സരത്തില്‍ ഇന്ത്യക്ക് കരുത്തായത്. ഒപ്പം സ്മൃതി മന്ധാന, രണ്ടാം ഏകദിനം കളിക്കുന്ന പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു.
103 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയില്‍ ഹര്‍ലീന്‍ 115 റണ്‍സെടുത്താണ് കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി കുറിച്ചത്. രണ്ടാം ഏകദിനം കളിക്കുന്ന പ്രതിക കന്നി അര്‍ധ സെഞ്ച്വറിയാണ് കുറിച്ചത്. താരം 10 ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഒന്നാം ഏകദിനത്തിലാണ് പ്രതിക അരങ്ങേറിയത്. കന്നി പോരാട്ടത്തില്‍ 10 റണ്‍സ് അകലെ അര്‍ധ സെഞ്ച്വറി നഷ്ടമായ താരം രണ്ടാം പോരാട്ടത്തില്‍ ആ കുറവ് നികത്തി.
തുടരെ ആറാം മത്സരത്തിലും 50, അതിനു മുകളില്‍ സ്‌കോര്‍ ചെയ്ത് സ്മൃതി മന്ധാനയും തിളങ്ങി. താരം 47 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സെടുത്തു. സ്മൃതി- പ്രതിക ഓപ്പണിങ് സഖ്യം തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് (110) ഉയര്‍ത്തിയാണ് പിരിഞ്ഞത്. ആദ്യ പോരാട്ടത്തിലും സഖ്യം ഇതേ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു.
ജെമിമ 6 ഫോറും ഒരു സിക്‌സും സഹിതം 36 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 22 റണ്‍സുമായി മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക