മുംബൈ: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരമിച്ച ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന് പകരമായി മുംബൈ സ്പിന്‍ ഓള്‍ റൗണ്ടര്‍ തനുഷ് കൊടിയാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സമീപ കാലത്ത് തനുഷ് നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതെളിയിച്ചത്. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് തനുഷ് കൊടിയാന്‍ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഇതില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
കുല്‍ദീപിന് വിസ ഇല്ലാത്തതിനാലാണ് തനുഷിനെ തെരഞ്ഞെടുത്തതെന്ന് തമാശരൂപേണ പറഞ്ഞ് തുടങ്ങിയ രോഹിത് ,ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയില്‍ നടന്ന 'എ ടീം മത്സരത്തില്‍ തനുഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പ്രശംസിച്ചു. ഒരേയൊരു മത്സരത്തില്‍ തനുഷ് 44 റണ്‍സ് നേടുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തതായും രോഹിത് പറഞ്ഞു.
'തനുഷ് ഒരു മാസം മുമ്പ് ഇവിടെ ഉണ്ടായിരുന്നു, കുല്‍ദീപിന് വിസയില്ല. എത്രയും വേഗം ഇവിടെ എത്താന്‍ ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമായിരുന്നു. തനുഷ് തയ്യാറായിരുന്നു, ഇവിടെ നന്നായി കളിച്ചിട്ടുണ്ട്. എന്നാല്‍ തമാശകള്‍ മാറ്റിനിര്‍ത്തിയാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സിഡ്നിയിലോ മെല്‍ബണിലോ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു ബാക്കപ്പ് കൂടി ആവശ്യമായിരുന്നു,' - രോഹിത് പറഞ്ഞു.
33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 1525 റണ്‍സും 101 വിക്കറ്റുകളം താരം നേടിയിട്ടുണ്ട്. അശ്വിന് പകരക്കാരനായി കുല്‍ദീപിനെയോ അക്ഷറിനെയോ പരിഗണിക്കാത്തതിന്റെ യഥാര്‍ഥ കാരണവും രോഹിത് വെളിപ്പെടുത്തി. 'അടുത്തിടെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ കുല്‍ദീപിന് പൂര്‍ണമായി ആരോഗ്യം വീണ്ടെുക്കാന്‍ സാധിച്ചിട്ടില്ല. അക്ഷറിന് ഒരു കുഞ്ഞ് ജനിച്ചതിനാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല. അതിനാല്‍, ഞങ്ങള്‍ക്ക് ഏറ്റവും നല്ല ഓപ്ഷന്‍ തനുഷ് ആയിരുന്നു, കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി നേടിയതിന്റെ ഒരു കാരണം തനുഷ് ആയിരുന്നു'- അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക