മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ മത്സരത്തില്‍ ഋഷഭ് പന്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ഋഷഭ് പന്ത് മികച്ച സ്‌കോര്‍ കണ്ടെത്തുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്. യുവതാരത്തില്‍ ധാരാളം പ്രതീക്ഷകളുണ്ടെന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഋഷഭ് പന്ത് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു.
'മെല്‍ബണിലേക്ക് പോകുമ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ പ്രത്യാക്രമണം നടത്തുന്നതില്‍ ഋഷഭിന്റെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഓസ്ട്രേലിയയിലും പൊതുവേ ടെസ്റ്റുകളിലും അദ്ദേഹത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. റോഡ് അപകടത്തിന് ശേഷം തിരിച്ചുവന്ന ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി മികച്ച ഹോം സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്ട്രേലിയയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 19.20 ശരാശരിയില്‍ 96 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 37 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ രണ്ട് മത്സരങ്ങളിലെ പ്രകടനം മാത്രം കണക്കിലെടുത്ത് താരത്തെ വിലയിരുത്തരുത്. അടുത്ത മത്സരങ്ങളില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തും'- രോഹിത് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പന്തിന് മികച്ച റെക്കോര്‍ഡുണ്ട്. 10 ടെസ്റ്റുകളില്‍ നിന്ന് 48 ശരാശരിയില്‍ 720 റണ്‍സ് നേടിയിട്ടുണ്ട്. 17 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 159 ആണ് ഉയര്‍ന്ന സ്‌കോര്‍. 2018 ലെ പര്യടനത്തില്‍ നേടിയ 159 റണ്‍സും ബ്രിസ്ബേനില്‍ മാച്ച് വിന്നിങ് ഇന്നിംഗ്‌സ് ആയ പുറത്താകാതെ നേടിയ 89 റണ്‍സും പന്തിന്റെ മികച്ച പ്രകടനങ്ങളില്‍ ചിലത് മാത്രമാണ്. പന്തിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. അദ്ദേഹം ഇവിടെ രണ്ടോ മൂന്നോ ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം അടുത്തിടെ മികച്ച ഫോമിലാണ്. ഇന്ത്യയില്‍ അദ്ദേഹം മികച്ച റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന് മികച്ച റെക്കോര്‍ഡുമുണ്ട്. രണ്ടോ മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനം മാത്രം കണ്ട് ഒരു താരത്തെ വിലയിരുത്തുന്നത് നല്ലതല്ല. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ കളിക്കാര്‍ക്ക് എന്തുചെയ്യണമെന്ന് അറിയാമെന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ 'അമിതമായി' ഫീഡ്ബാക്ക് നല്‍കരുത്'- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ പദ്ധതികളും ചിന്താ പ്രക്രിയയും സങ്കീര്‍ണ്ണമാക്കേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. ഋഷഭ് പന്തിന് തന്റെ പ്രതീക്ഷകള്‍ എന്താണെന്ന് അറിയാം. അദ്ദേഹത്തിന് ധാരാളം പ്രതീക്ഷകളുണ്ട്. അദ്ദേഹം തന്റെ കളിയില്‍ കഠിനാധ്വാനം ചെയ്യുന്നു. വരുന്ന രണ്ട് മത്സരങ്ങളില്‍ അദ്ദേഹം നന്നായി കളിക്കുമെന്ന് ഞാന്‍ കരുതുന്നു'- രോഹിത് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക