ലഖ്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 186 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിൻ്റെ ഒന്നാം ഇന്നിങ്സ് 177 റൺസിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ആന്ധ്ര മൂന്ന് വിക്കറ്റിന് 84 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ലീഡ് വഴങ്ങുന്നത് ഒഴിവാക്കാനായില്ല. 14 റൺസുമായി ബാറ്റിങ് തുടർന്ന ഇഷാൻ കുനാലിലായിരുന്നു കേരളത്തിൻ്റെ പ്രതീക്ഷ. എന്നാൽ 41 റൺസെടുത്ത ഇഷാൻ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 177 റൺസിന് കേരളത്തിൻ്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു.
ഇഷാൻ കുനാൽ 41ഉം ദേവഗിരി 16 റൺസും നേടി. 24 റൺസെടുത്ത തോമസ് മാത്യുവും 22 റൺസെടുത്ത ഇഷാൻ രാജുമാണ് കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മറ്റ് ബാറ്റർമാർ. ആന്ധ്രയ്ക്ക് വേണ്ടി ടി തേജ മൂന്നും തോഷിത് യാദവ്, ഭാനു സ്വരൂപ്, രോഹൻ ഗണപതി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര അതിവേഗം 84 റൺസ് സ്കോർ ചെയ്ത് ഡിക്ലയർ ചെയ്തു. അബ്ദുൽ ബാസിദ് 3 വിക്കറ്റുകൾ വീഴ്ത്തി. രോഹൻ ഗണപതി 43 പന്തിൽ 50 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ലെറോയ് ജോക്വിൻ ഷിബുവിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരോവർ പൂർത്തിയായതോടെ വെളിച്ചക്കുറവിനെ തുടർന്ന് കളി അവസാനിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക