ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരവുമായി ഇന്ത്യന്‍ ടീം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ കറുത്ത് ആം ബാന്‍ഡ് ധരിച്ചാണ് കളിക്കളത്തിലിറങ്ങിയത്. 2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഇന്നലെ രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ അന്തരിച്ചത്..
'അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചിരിക്കുന്നു,' ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 474 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ചായക്ക് പിരിയുന്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് റണ്‍സ് എടുത്ത നായകന്‍ രോഹിത് ശര്‍മ, 24 റണ്‍സ് എടുത്ത കെഎല്‍ രാഹുല്‍ എന്നിവരാണ് പുറത്തായ താരങ്ങള്‍. പാറ്റ് കമ്മിന്‍സിനാണ് രണ്ടുവിക്കറ്റുകളും.
ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലുവിക്കറ്റ് നേടി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്മിത്തിന്റെ സെഞ്ച്വറിയാണ് തിളക്കം പകര്‍ന്നത്. 197 പന്തില്‍ 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് ആണ് പുറത്താക്കിയത്. വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് നിര്‍ണായകമായത്.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 86 ഓവറില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തില്‍ 49 റണ്‍സെടുത്ത ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിന്‍സിന്റെ മടക്കം.സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്സ് ക്യാരി (41 പന്തില്‍ 31), മിച്ചല്‍ സ്റ്റാര്‍ക്ക് 15 എന്നിവരാണു പുറത്തായ ബാറ്റര്‍മാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക