മെല്‍ബണ്‍: സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 474 എന്ന ഭേദപ്പെട്ട സ്‌കോറില്‍ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലുവിക്കറ്റ് നേടി.
ബോർഡർ- ഗാവസ്കർ ട്രോഫി പരമ്പരയിൽ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്മിത്തിന്റെ സെഞ്ച്വറിയാണ് തിളക്കം പകര്‍ന്നത്. 197 പന്തില്‍ 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് ആണ് പുറത്താക്കിയത്. വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് നിര്‍ണായകമായത്.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 86 ഓവറില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തില്‍ 49 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിന്‍സിന്റെ മടക്കം.
സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്‌സ് ക്യാരി (41 പന്തില്‍ 31), മിച്ചല്‍ സ്റ്റാര്‍ക്ക് 15 എന്നിവരാണു പുറത്തായ ബാറ്റര്‍മാര്‍.
89 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ഓസ്‌ട്രേലിയയ്ക്കായി കൂട്ടിച്ചേര്‍ത്തത്. സാം കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്‌ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി.
സ്‌കോര്‍ 299ല്‍ നില്‍ക്കെ അലക്‌സ് ക്യാരിയെ ആകാശ്ദീപ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കുന്നത്. പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക