മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിനു പുറത്തായിരുന്നു. കിവി സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 40 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് 5 വിക്കറ്റുകള്‍.
രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ മികച്ച ബാറ്റിങുമായി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളം വാണു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ പന്തും 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ താരം മടങ്ങി. 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം പന്ത് 60 റണ്‍സെടുത്തു. നിലവില്‍ 70 റണ്‍സുമായി ഗില്ലും 10 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.
ഇന്നലെ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ പതിവു പോലെ വേഗത്തില്‍ നഷ്ടമായി. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്‌സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ്‌ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ്‌ലി എടുത്തത്.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ്ടന്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രത്തില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.
ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാതം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലന്‍ഡല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക