ഈ വീഴ്ച കണ്ട് സന്തോഷിക്കേണ്ട; വമ്പന്‍ തോല്‍വി ഇന്ത്യയെ ഉണര്‍ത്തും; മുന്നറിയിപ്പുമായി ഓസിസ് താരം

ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്നത് അവിശ്വസനീയമാണ്.
Josh Hazlewood
ഓസിസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ്എക്സ്
Published on
Updated on

മെല്‍ബണ്‍: ന്യൂസിലന്‍ഡിനോട് ഏറ്റ വന്‍ തോല്‍വി ഇന്ത്യയെ ഉണര്‍ത്തുമെന്ന് ഓസിസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും ഹെയ്‌സല്‍ വുഡ് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു.

ഈ വമ്പന്‍ പരാജയം ഇന്ത്യയെ ഉണര്‍ത്താന്‍ ഇടയാക്കും. ഓസിസിനെതിരായ മത്സരത്തില്‍ അത് കാണാന്‍ കഴിയുമെന്നും ഹെയ്സല്‍വുഡ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാന്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം ജയിക്കുക എന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. 3 -0ന് അനായാസം ജയിക്കുന്നതിനേക്കാള്‍ 3-0ന് തോല്‍ക്കുന്നതാണ് അവര്‍ക്ക് നല്ലതെന്നും ഹെയ്സല്‍വുഡ് പറഞ്ഞു.

മറ്റൊരു ടീമിനും കഴിയാത്ത നേട്ടമാണ് ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടിയത്. അവര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്നത് അവിശ്വസനീയമാണ്. അവിടെ ഒരു മത്സരം ജയിക്കുകയെന്നതും വളരെ ബുദ്ധിമുട്ടാണ് ഹെയ്‌സല്‍വുഡ് പറഞ്ഞു. ഓസട്രേലിയയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പര ആഷസിനെ പോലെ തന്നെ ഓസിസിന് പ്രധാനമാണെന്നു ഹെയ്‌സല്‍വുഡ് പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ കളിക്കാനായില്ലെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ കളിക്കുമെന്നും ഓസിസ് പേസര്‍ പറഞ്ഞു.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 14 കളികളില്‍ 58.33 പോയിന്റു ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. 62.50 പോയിന്റ് ശതമാനമുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഒന്നാം സ്ഥാനത്തുള്ള ഓസീസിന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കു പുറമേ, ശ്രീലങ്കയോടും രണ്ടു ടെസ്റ്റുകളുണ്ട്. ഏഴു കളികളില്‍ അഞ്ചെണ്ണം വിജയിച്ചാല്‍ ഓസീസിന് ഫൈനല്‍ യോഗ്യത നേടാം. പോയിന്റ് ടേബിളില്‍ മൂന്നാമതുള്ള ശ്രീലങ്കയ്ക്കും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ന്യൂസീലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കും ഫൈനലില്‍ കടക്കാന്‍ ഇനിയും അവസരങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകളിലെ എല്ലാ കളികളും ജയിച്ചാല്‍ ശ്രീലങ്ക ഫൈനലിലേക്കു കുതിക്കും. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ ന്യൂസീലന്‍ഡ് മൂന്നു കളികളും ജയിച്ചാല്‍ അവര്‍ക്കും ഫൈനലില്‍ കടക്കാം. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും പാക്കിസ്ഥാനെയും 20ന് തോല്‍പിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഫൈനല്‍ സ്വപ്നം കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com