ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതോടെ രോഹിത്, വിരാട് കോഹ് ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനം തുടരുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ താരങ്ങള്‍ കളിക്കാത്തതാണ് പ്രകടനം മോശമാകാന്‍ കാരണം എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. നടന്നുവരുന്ന രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാനുള്ള ഉപദേശങ്ങളും വരുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും സമാനമായ നിലപാടാണ് മുന്നോട്ടുവെച്ചത്. മുന്‍നിര താരങ്ങള്‍ അവരുടെ വലിയ കാറുകളും വിമാനങ്ങളും വിഐപി പരിഗണനയും ഉപേക്ഷിച്ച് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്നാണ് കൈഫിന്റെ ഉപദേശം.
രഞ്ജി ട്രോഫിയില്‍ എവേ മത്സരത്തില്‍ ഡല്‍ഹി ചണ്ഡീഗഢിനെ നേരിടും. മുംബൈ ഒഡിഷയെ നേരിടും. ഈ ആഴ്ചാവസാനത്തിന് മുമ്പ് ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയിലേക്ക് പോകില്ല. അതിനാല്‍, ചില കളിക്കാര്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. 'തീര്‍ച്ചയായും അവര്‍ക്ക് ഫോം ആവശ്യമാണ്, അവര്‍ക്ക് അവിടെ മണിക്കൂറുകള്‍ ബാറ്റ് ചെയ്യേണ്ടതായി വരും. അവര്‍ ഇവിടെ സെഞ്ച്വറി സ്‌കോര്‍ ചെയ്യുകയാണെങ്കില്‍, അത് അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും,' കൈഫ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വിഡിയോയില്‍ പറഞ്ഞു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2020 പരമ്പരയിലെ ഋഷഭ് പന്തിന്റെ പ്രകടനം കൈഫ് ഓര്‍മ്മപ്പെടുത്തി. ഒരു പരിശീലന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ ഒരു സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ടീമിലെത്തിയത്. എന്നാല്‍ ചരിത്ര വിജയം നേടാന്‍ ഇന്ത്യയെ ഋഷഭ് പന്ത് സഹായിക്കുന്നതാണ് പിന്നീട് കണ്ടതെന്നും കൈഫ് പറഞ്ഞു.
'ഋഷഭ് പന്തിനെ ഞാന്‍ ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. ഗാബയില്‍ അദ്ദേഹം വിജയ റണ്‍ നേടി, പക്ഷേ ആ പര്യടനത്തില്‍ അദ്ദേഹം ഏകദിനത്തിലോ ടി20 ടീമിലോ ഉണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പോയത്. ഒരു മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായി. മത്സരത്തില്‍ പരാജയപ്പെട്ടു. പര്യടനത്തിനിടെ പന്ത് ഒരു പരിശീലന മത്സരം കളിച്ചിരുന്നു. ഒരു പിങ്ക് ബോള്‍ മത്സരം. അതില്‍ ഒരു സെഞ്ച്വറി നേടി. അതിനുശേഷം അദ്ദേഹത്തെ ഇലവനില്‍ ഉള്‍പ്പെടുത്തി. അങ്ങനെ അദ്ദേഹം തികച്ചും വ്യത്യസ്തനായ കളിക്കാരനായി ഉയര്‍ന്നു,'- അദ്ദേഹം പറഞ്ഞു.
കോഹ്ലി, രോഹിത് എന്നിവരെ പോലുള്ളവര്‍ തങ്ങളുടെ ഫോം വീണ്ടെടുക്കാന്‍ വിഐപി സംസ്‌കാരം മറന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തിരികെ വരണമെന്ന് കൈഫ് അഭ്യര്‍ത്ഥിച്ചു. 'തങ്ങള്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പാടുപെടുകയാണെന്നും മതിയായ സമയം ലഭിച്ചില്ലെന്നും കരുതുന്നവര്‍ 100 ശതമാനം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണം. വലിയ കാറുകളിലും വിമാനങ്ങളിലും യാത്രചെയ്യുന്നുവെന്നതും അവിടെ വിഐപി പരിഗണന ലഭിക്കില്ല എന്നതും മറക്കുക. ഫോം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അതിനായി പരിശ്രമിക്കുക'- കൈഫ് ഓര്‍മ്മിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക