തിമിര്‍ത്താടി സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ
sanju samson
സെഞ്ച്വറി അടിച്ച സഞ്ജുവിന്റെ ആഹ്ലാദ പ്രകടനംഎപി
Published on
Updated on

ഡര്‍ബന്‍: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാന്‍ രണ്ടുവിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരുവിക്കറ്റും സ്വന്തമാക്കി. ഹെന്റിച് ക്ലാസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 25 റണ്‍സ് എടുത്ത ക്ലാസനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(1-0).

ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 47പന്തില്‍ 9 സിക്സിന്റെയും 7 ബൗണ്ടറിയുടെയും അകമ്പടിയോയാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ചത്. ഇതോടെ ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ പിന്നീട് എടുത്തത് 20 പന്തുകള്‍ മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്.

പാട്രിക് ക്രുഗര്‍ക്കതിരെ സിക്‌സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ച്വറിയിലെത്തി. സെഞ്ച്വറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തി. സിക്‌സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്‌സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com