കോഴിക്കോട്: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്‌റില്‍ കാലിക്കറ്റ് എഫ് സി ജേതാക്കള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലായിരുന്നു കാലിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാലിക്കറ്റിന്റെ കന്നിക്കിരീട നേട്ടം.
ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ, അത്യന്തം ആവേശകരമായിരുന്നു പൈനല്‍ പോരാട്ടം. കൊച്ചിയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പതിയെ കാലിക്കറ്റും മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരു ടീമുകളും മുന്നേറ്റങ്ങള്‍ കൊണ്ട് ഗോള്‍ മുഖം പലകുറി വിറപ്പിച്ചു. ഇതിനിടെ കൊച്ചിയെ ഞെട്ടിച്ച് 15-ാം മിനിറ്റില്‍ കാലിക്കറ്റ് മുന്നിലെത്തി.
തോയ് സിങാണ് കാലിക്കറ്റിന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളടിച്ചതോടെ കാലിക്കറ്റ് ആക്രമണങ്ങള്‍ കടുപ്പിച്ചു. പല തവണ ഗോളിന്റെ വക്കിലെത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല. പന്തു കിട്ടുമ്പോഴെല്ലാം കൈവശം വച്ചു കളിക്കാനായിരുന്നു കൊച്ചിയുടെ ശ്രമം. മൈതാന മധ്യത്ത് നിറഞ്ഞു കളിച്ച കൊച്ചി താരങ്ങള്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി.
രണ്ടാം പകുതിയിലും കാലിക്കറ്റ് തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് വലയിലേക്ക് തിരിച്ചു വിട്ട് ബെല്‍ഫോര്‍ട്ട് കാലിക്കറ്റിന്റെ ലീഡ് ഉയര്‍ത്തി. ഇഞ്ച്വറി ടൈമിലാണ് ഫോഴ്‌സ കൊച്ചി ഒരു ഗോള്‍ തിരിച്ചടിച്ചത്. 93-ാം മിനിറ്റില്‍ ഡോറിയെല്‍ട്ടന്‍ ആണ് കൊച്ചിയുടെ ആശ്വാസ ഗോള്‍ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക