ഡര്‍ബന്‍: ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 125 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.
45 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.
ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് -ഹര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക