ന്യൂഡല്‍ഹി: മോശം ഫോമിലും വിരാട് കോഹ്‌ലിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നുവെന്ന ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോഹ്‌ലിക്ക് രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണുള്ളതെന്നും താരത്തിന് ഫോമിലേക്ക് തിരിച്ചുവരാന്‍ ഓസ്‌ട്രേലിയയെക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ലെന്നും പോണ്ടിങ് പറഞ്ഞിരുന്നു.
നേരത്തെ ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ രൂക്ഷമായി വിമര്‍ശിച്ച പോണ്ടിങ്, വിരാട് കോഹ്‌ലി ഫോം ഔട്ടാണെന്നും ഇത്രയും മോശം ഫോമിലുള്ള ഒരു താരം മറ്റൊരു ടീമിലും ടോപ് ഓര്‍ഡറില്‍ ഉണ്ടാകില്ലെന്നും വിമര്‍ശിച്ചു. 'കോഹ്‌ലിയുടെ സമീപകാല പ്രകടങ്ങളുമായി ബന്ധപ്പെട്ട കണക്ക് ഞാന്‍ കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം രണ്ടോ മൂന്നോ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അത് ശരിയായ കണക്കാണെങ്കില്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത്രയും മോശം പ്രകടനമുള്ള മറ്റൊരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതായി കണ്ടിട്ടില്ല' പോണ്ടിങ് പറഞ്ഞു.
എന്നാല്‍ പോണ്ടിങ് സ്വന്തം രാജ്യത്തെ ക്രിക്കറ്റിനെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് പോണ്ടിങ്ങിന് എന്ത് ബന്ധമാണുള്ളതെന്നും ഗൗതം ഗംഭീര്‍ ചോദിച്ചു. 'ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിങ്ങിന് എന്താണ് ചെയ്യാനുള്ളത്? എനിക്ക് തോന്നുന്നു, അദ്ദേഹം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ടതെന്ന്' ഗംഭീര്‍ പറഞ്ഞു.
കോഹ്‌ലിയെ കുറിച്ചും രോഹിതിനെയും കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷം ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്കുള്ളത്. ബംഗ്ലാദേശിനെതിരെ കാണ്‍പൂര്‍ ടെസ്റ്റിലായിരുന്നു അത്. മത്സരത്തില്‍ 70 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. കോഹ്‌ലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി 2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക