ഷാര്‍ജ: ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന് പുതിയ നേട്ടം. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെ മറികടന്ന താരം ഏകദിനത്തില്‍ വേഗത്തില്‍ എട്ട് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി.
ഏകദിനത്തില്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് എട്ട് സെഞ്ച്വറികള്‍ നേടുന്നവരുടെ പട്ടികയിലാണ് താരം ഇടം പിടിച്ചത്. 46 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗുര്‍ബാസ് 8 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്. കോഹ്ലിക്ക് എട്ട് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ 68 ഇന്നിങ്‌സുകളാണ് വേണ്ടിവന്നത്.
പട്ടികയില്‍ 44 ഇന്നിങ്‌സുകളില്‍ നിന്ന് എട്ട് ഏകദിന സെഞ്ച്വറികള്‍ തികച്ച പാക് ബാറ്റര്‍ ബാബര്‍ അസം, 43 ഇന്നിങ്‌സുകളില്‍ നിന്ന് നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംല എന്നിവരാണ് ഗുര്‍ബാസിന് മുന്നിലുള്ളത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എട്ടു സെഞ്ച്വറികള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗുര്‍ബാസ് സ്വന്തമാക്കി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി, പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം തുടങ്ങിയവരെ പിന്തള്ളിയാണ് ഗുര്‍ബാസിന്റെ കുതിപ്പ്. ഗുര്‍ബാസിന്റെ സെഞ്ച്വറിക്കൊപ്പം അസ്മത്തുല്ല ഒമര്‍സായിയുടെ അര്‍ധസെഞ്ചറിയുടെയും പിന്‍ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ മൂന്നാം ഏകദിനത്തില്‍ ജയം നേടിയപ്പോള്‍ പരമ്പരയും സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍, 10 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക