സെഞ്ചൂറിയന്‍: തിലക് വര്‍മയുടെ വെടിക്കെട്ടില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം. അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ കളിയില്‍ 11 റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. അവസാന കളി നാളെയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണാണ് അടിച്ചെടുത്തത്. തിലക് 56 പന്തില്‍ 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഏഴിന് 208ല്‍ അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സെനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു.
മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ തിലക് വര്‍മയും അഭിഷേക് ശര്‍മയും കത്തിക്കയറി. വണ്‍ഡൗണായി ഇറങ്ങിയ തിലക് വര്‍മ ടി20യിലെ ആദ്യ സെഞ്ച്വറി നേടി.
ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സെടുത്തു പുറത്തായി. സഞ്ജു സാംസണ്‍ പൂജ്യത്തിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു റണ്‍സ് നേടിയും പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു സാംസണ്‍ ബോള്‍ഡായി മടങ്ങി. തിലക് വര്‍മയും അഭിഷേക് ശര്‍മയും കൈകോര്‍ത്തതോടെ 8.1 ഓവറില്‍ ഇന്ത്യ 100 കടന്നു.
107ല്‍ നില്‍ക്കെയാണ് അഭിഷേക് ശര്‍മ പുറത്തായി. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ ഹെന്റിച് ക്ലാസന്‍ സ്റ്റംപ് ചെയ്ത് അഭിഷേകിനെ മടക്കി. ആന്‍ഡിലെ സിമെലെനിന്റെ പന്തില്‍ മാര്‍കോ ജാന്‍സന്‍ ക്യാച്ചെടുത്താണ് സൂര്യയെ പുറത്താക്കിയത്. 16 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. റിങ്കു സിങ് എട്ടു റണ്‍സ് മാത്രമാണു നേടിയത്. 51 പന്തിലാണ് ഇരുപത്തിരണ്ടുകാരന്റെ ആദ്യ സെഞ്ചുറി. ഏഴ് സിക്--സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സില്‍.
അരങ്ങേറ്റക്കാരന്‍ രമണ്‍ദീപ് സിങ് നേരിട്ട ആദ്യപന്ത് സിക്സര്‍ പറത്തിയാണ് തുടങ്ങിയത്. ആറു പന്തില്‍ 15 റണ്‍സെടുത്ത രമണ്‍ദീപ് സിങ് അവസാന ഓവറില്‍ റണ്‍ഔട്ടാകുകയായിരുന്നു. രമണ്‍ദീപ് സിങ്ങിന്റെ അരങ്ങേറ്റ മത്സരമാണിത്. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിനു വിജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റുകള്‍ക്കു ജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക