ന്യൂഡല്‍ഹി: ഈ കലണ്ടര്‍ വര്‍ഷത്തെ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്‍. ഈ വര്‍ഷം 13 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു മൂന്ന് സെഞ്ച്വറികളടക്കം 436 റണ്‍സാണ് നേടിയത്. 180 സ്‌ട്രൈക്ക്‌റൈറ്റുള്ള സഞ്ജുവിന് 43.60 ശരാശരിയുമുണ്ട്.
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ച സഞ്ജുവിനെ ഒരു മത്സരത്തിലും കളത്തിലിറക്കിയിരുന്നില്ല. 12 ഇന്നിങ്‌സുകളില്‍നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഓപ്പണറെന്ന നിലയില്‍ ഇതുവരെ ഒന്‍പത് ഇന്നിങ്‌സുകളില്‍നിന്ന് 461 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ശരാശരി 57.62, സ്‌ട്രൈക്ക് റേറ്റ് 193.62!. മൂന്നു സെഞ്ചറികളുടെ തിളക്കമാര്‍ന്ന റെക്കോര്‍ഡിനൊപ്പം, ഒരു കലണ്ടര്‍ വര്‍ഷം അഞ്ച് ഡക്കുകളെന്ന നാണക്കേടും സഞ്ജുവിന്റെ പേരിലുണ്ട്.
31 സിക്‌സറുകളും 35 ബൗണ്ടറികളും സഞ്ജു ഇന്ത്യക്കായി കുറിച്ചു. 18 മത്സരങ്ങളില്‍ നിന്നും 429 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് രണ്ടാമത്. 11 മത്സരങ്ങളില്‍ 378 റണ്‍സ് നേടിയ രോഹിത് ശര്‍മ മൂന്നാമതും 17 മത്സരങ്ങളില്‍ 352 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ നാലാമതും.
ഈ വര്‍ഷം ഹോം എവേ സീരീസുകളും ലോകകപ്പുമായി 25 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ പരാജയപ്പെട്ടത് വെറും രണ്ടെണ്ണത്തില്‍ മാത്രം. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവര്‍ക്കെതിരെ എവേ സിരീസുകളും ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെ നാട്ടിലും ടി20 പരമ്പര നേടി. ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാംപ്യന്‍മാരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക