ഒറ്റയടിക്ക് പിന്തള്ളിയത് 69 പേരെ, റാങ്കിങ്ങില്‍ കുതിച്ച് തിലക് വര്‍മയും സഞ്ജുവും; ഓള്‍ റൗണ്ടര്‍മാരില്‍ ഹര്‍ദിക് വീണ്ടും ഒന്നാമത്

ഐസിസി ടി20 റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും സഞ്ജു സാംസണും
HARDIK PANDYA, SANJU SAMSON
സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യഫയൽ
Published on
Updated on

ന്യൂഡല്‍ഹി: ഐസിസി ടി20 റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും സഞ്ജു സാംസണും. ടി20 ഓള്‍ റൗണ്ടറുമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത തിലക് വര്‍മ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചു.

ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഗുണമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ ടി20 മത്സരത്തില്‍ പുറത്താകാതെ 39 റണ്‍സ് നേടുകയും ബൗളിങ്ങില്‍ എട്ടുറണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടുകയും ചെയ്തതാണ് നിര്‍ണായകമായത്. രണ്ടാമത്തെ തവണയാണ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ ഒന്നാമത് എത്തുന്നത്.

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് തിലക് വര്‍മ കാഴ്ചവെച്ചത്. 69 താരങ്ങളെ പിന്തള്ളി റാങ്കിങ്ങില്‍ മൂന്നാമത് എത്തിയിരിക്കുകയാണ് തിലക് വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അടിച്ചുകൂട്ടിയ 280 റണ്‍സ് ആണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പോലും തിലക് വര്‍മയുടെ പ്രകടനത്തില്‍ പിന്നാക്കം പോയി. റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേയ്ക്ക് ആണ് സൂര്യകുമാര്‍ യാദവ് പിന്തള്ളപ്പെട്ടത്.

മലയാളി താരം സഞ്ജു സാംസണും ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കുതിച്ചു. 17 സ്ഥാനം മെച്ചപ്പെടുത്തി 22-ാം റാങ്കിലേക്കാണ് സഞ്ജു എത്തിയത്. ബൗളര്‍മാരുടെ പട്ടികയില്‍ അര്‍ഷ്ദീപ് സിങ് ആദ്യ പത്തില്‍ ഇടംപിടിച്ചു. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 9-ാം സ്ഥാനത്താണ് അര്‍ഷ്ദീപ് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com