ന്യൂഡല്‍ഹി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, ഇന്ത്യന്‍ ഇലവന്‍ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ബാറ്റര്‍ ഗുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ആദ്യ ടെസ്റ്റില്‍ ശക്തമായ ടീമിനെ ഒരുക്കുക എന്ന ദൗത്യമാണ് കോച്ച് ഗൗതം ഗംഭീറിന്റെ മുന്നിലുള്ളത്.
ആദ്യ ടെസ്റ്റ് നടക്കുന്ന പെര്‍ത്ത് പിച്ച് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു സ്പിന്നറെ കളിപ്പിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറെയും മറികടന്ന് ആര്‍ അശ്വനില്‍ ഗംഭീര്‍ വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ വിദേശമണ്ണില്‍ അശ്വിനേക്കാള്‍ ജഡേജയ്ക്ക് ആണ് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. ബൗളിങ്ങിന് ഉപരി നന്നായി ബാറ്റ് ചെയ്യും എന്നതാണ് ജഡേജയ്ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കാന്‍ കാരണം. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റിങ്ങ് നിരയിലെ ഇടംകൈയന്‍ ബാറ്റര്‍മാരായ ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, അലക്‌സ് കാരി എന്നിവര്‍ക്കെതിരെ പന്ത് എറിയാന്‍ ഏറ്റവും മികച്ച ഓപ്ഷന്‍ ഓഫ് സ്പിന്നര്‍ അശ്വിന്‍ ആണെന്നാണ് ഗംഭീര്‍ കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പ്രാക്ടീസ് മത്സരത്തില്‍ അഭിമന്യു ഈശ്വരന്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ല. അതിനാല്‍ കെ എല്‍ രാഹുലിന് നറുക്ക് വീഴാനാണ് സാധ്യത. വണ്‍ഡൗണ്‍ സ്ഥാനത്ത് ദേവ്ദത്ത് പടിക്കല്‍ വന്നേക്കും. നാല്, അഞ്ച് സ്ഥാനങ്ങളില്‍ കോഹ് ലിയും ഋഷഭ് പന്തും കളിക്കാനാണ് സാധ്യത. ആറാം സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും തമ്മിലാണ് മത്സരം. മൂന്ന് പേസര്‍മാരില്‍ ക്യാപ്റ്റന്‍ ബുംറയ്ക്ക് പുറമേ ഹര്‍ഷിത് റാണയും ആകാശ് ദീപ് അല്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരില്‍ ഒരാളും ഇടംപിടിക്കാനാണ് സാധ്യത. ടീം മാനേജ്‌മെന്റ് മുഹമ്മദ് സിറാജിനേക്കാള്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് ഹര്‍ഷിത് റാണയ്ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക